സംസ്ഥാനത്തെ ക്രമസമാധാനം: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപോര്‍ട്ട് നല്‍കി
യുവതികള്‍ പ്രവേശിച്ചതിനു തൊട്ടടുത്ത ദിവസം ശബരിമല കര്‍മസമിതിയും ആര്‍എസ്എസും സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്.
തിരുവനന്തപുരം: ശബരിമലയില്‍ രണ്ടു സ്ത്രീകള്‍ പ്രവേശിച്ചതിനു ശേഷമുള്ള സംസ്ഥാനത്തെ ക്രമസമാധാനനിലയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് റിപോര്‍ട്ട് കൈമാറി. യുവതികള്‍ പ്രവേശിച്ചതിനു തൊട്ടടുത്ത ദിവസം ശബരിമല കര്‍മസമിതിയും ആര്‍എസ്എസും സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്.
ദിവസങ്ങളോളം നീണ്ടുനിന്ന അക്രമങ്ങളുടെ മറവില്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ കലാപാഹ്വാനത്തിനും നീക്കമുണ്ടായി.
സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നതോടെ ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് അക്രമികള്‍ക്കെതിരായ നടപടികളും ക്രമസമാധാനം നിലനിര്‍ത്തുന്നതിന് കൈക്കൊണ്ട സമീപനങ്ങളും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിച്ചത്. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ പ്രളയത്തിന്റെ ഇരകളായവരുടെ പുനരധിവാസം ഉള്‍പ്പടെ സംസ്ഥാനത്തെ മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ചയായി.