സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയാൻ ഓർഡിനൻസ് ഇറക്കാൻ സർക്കാർ നീക്കം: ചെന്നിത്തല

ഇത്തരമൊരു ഓർഡിനൻസ് വന്നാൽ അതിനെതിരെ നിയമപരമായ നീങ്ങും. പ്രതിപക്ഷനേതാവെന്ന നിലയിൽ ഇതിനെതിരെ ഗവർണറെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Update: 2020-09-29 10:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയാൻ സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കൽ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. സിബിഐ അന്വേഷണം നടത്താതിരിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന് നിയമമുണ്ടാക്കാൻ സർക്കാർ മുന്നോട്ടുവരാൻ പാടില്ല. ഇതിൽനിന്നു സർക്കാർ പിന്തിരിയണം. ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന നില വന്നപ്പോഴാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് പറയുന്നത്. ബംഗാളിൽ ശാരദ ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഓർഡിനൻസ് ഇറക്കിയപ്പോൾ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ആ നടപടി കേരളത്തിൽ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണ്. സിബിഐയെ കേരളത്തിൽ നിരോധിക്കാൻ നീക്കം നടക്കുന്നത് അഴിമതിക്കാരേയും കൊള്ളക്കാരേയും രക്ഷിക്കാൻ വേണ്ടിയാണ്. ഇത്തരമൊരു ഓർഡിനൻസ് വന്നാൽ അതിനെതിരെ നിയമപരമായ നീങ്ങും. പ്രതിപക്ഷനേതാവെന്ന നിലയിൽ ഇതിനെതിരെ ഗവർണറെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News