ഇടതുസര്‍ക്കാര്‍ 2,500 സൗജന്യ മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെടുത്തി: ഉമ്മന്‍ചാണ്ടി
2011-12 വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിര്‍മാണം തുടങ്ങുകയും ചെയ്ത കാസര്‍കോട്, വയനാട്, ഇടുക്കി, കോന്നി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യസര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടത്.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ ഉയര്‍ത്തിയതോടൊപ്പം സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് 2,500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതുമൂലം നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ താങ്ങാനാവാത്ത ഫീസ് നല്‍കേണ്ടിവരും. 500 ലധികം സീറ്റുകളാണ് ഓരോ വര്‍ഷവും നഷ്ടപ്പെട്ടത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് യുഡിഎഫ് കാലത്ത് ഒന്നേകാല്‍ ലക്ഷം രൂപ ആയിരുന്നത് ഇപ്പോള്‍ ഏഴു ലക്ഷമായി.
20 ലക്ഷമാക്കാന്‍ നീക്കം നടക്കുമ്പോള്‍ കനത്ത ഫീസ് കണ്ടെത്താന്‍ മാതാപിതാക്കള്‍ കിടപ്പാടം പണയപ്പെടുത്തേണ്ടിവരും. 2011-12 വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ചതും സ്ഥലവും, പണവും കണ്ടെത്തി നിര്‍മാണം തുടങ്ങുകയും ചെയ്ത കാസര്‍കോട്, വയനാട്, ഇടുക്കി, കോന്നി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് എന്നിവ ഇനിയും തുടങ്ങാത്തതു മൂലമാണ് സൗജന്യസര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെട്ടത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2011ല്‍ അഞ്ച് മെഡിക്കല്‍ കോളജുകളിലായി 850 സീറ്റുകളായിരുന്നത് 2015 ആയപ്പോള്‍ പത്ത് മെഡിക്കല്‍ കോളജുകളിലായി 1,350 സീറ്റായാണ് വര്‍ധിച്ചത്. 2016ല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയോടനുബന്ധിച്ച മെഡിക്കല്‍ കോളജിന് അനുമതിയും ലഭിച്ചിരുന്നു. അതുകൂടി ചേര്‍ത്താല്‍ 1,450 സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകള്‍ അന്ന് ലഭ്യമായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതോടെ സീറ്റ് 1300 ആയി കുറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചതുകൊണ്ട് ഇപ്പോള്‍ 1,555 സീറ്റുണ്ട്. രണ്ടായിരത്തിനു മുകളില്‍ സീറ്റ് ഉണ്ടാവേണ്ടതാണ്.
ഇടുക്കി മെഡിക്കല്‍ കോളജ് 2015ല്‍ ആരംഭിക്കുകയും നിയമനം വരെ നടത്തുകയും ചെയ്തെങ്കിലും 2017ന് ശേഷം തുടര്‍ അംഗീകാരം നഷ്ടമായി. തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് 2015ല്‍ തന്നെ കെട്ടിടനിര്‍മാണവും പൂര്‍ത്തിയാക്കി അധ്യാപകരെയും നിയമിച്ച് 100 സീറ്റിന് മെഡിക്കല്‍ കൗണ്‍സില്‍ പ്രാഥമിക അനുമതിയും ലഭിച്ചതാണ്. എന്നാല്‍, ഇടതുസര്‍ക്കാര്‍ ഇത് ഉപേക്ഷിച്ചു. കോന്നി, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളജുകളുടെ നിര്‍മാണത്തിന് സ്ഥലം കണ്ടെത്തുകയും നബാര്‍ഡ് ഫണ്ട് നേടിയെടുക്കുകയും ചെയ്താണ്. മഞ്ചേരി മെഡിക്കല്‍ കോളജ് 2013ലും പാലക്കാട് 2014ലും പ്രവര്‍ത്തിച്ച് തുടങ്ങി.
പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളജും കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളും ഏറ്റെടുത്തു. പുതിയ മെഡിക്കല്‍ കോളജുകള്‍ക്കായി മാത്രം ലക്ഷങ്ങള്‍ ശമ്പളം നല്‍കി സ്പെഷ്യല്‍ ഓഫിസറെയും മറ്റ് അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. പിന്നാക്കപ്രദേശങ്ങളില്‍ ആരോഗ്യസേവനം ലഭ്യമാക്കുകയും കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ മെഡിക്കല്‍ പഠനം സാധ്യമാക്കുകകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുമാണ് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ 2011ല്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. അത് ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയാണു ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.