തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. രണ്ടുദിവസം ഔദ്യോഗിക ദുഖാചരണം നടത്തും. അതേസമയം, ഇന്ന് നടത്താന്‍ നിശ്ചയിച്ച പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. ഇന്ന് പുലര്‍ച്ചെ 4.25 ഓടെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മരണം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. വിവരമറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.