ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പുതുപ്പള്ളി ഹൗസ് ദുഖസാന്ദ്രം

Update: 2023-07-18 09:35 GMT

തിരുവനന്തപുരം: അര്‍ബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ട മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഉച്ചയ്ക്ക് 2.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയില്‍ മൃതദേഹം സ്വവസതിയായ പുതുപ്പള്ളിഹൗസിലേക്ക് കൊണ്ടുപോയി.


മുന്‍മന്ത്രി ടി ജോണിന്റെ ബെംഗളൂരുവിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതികശരീരം ബെംഗളൂരുവില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് ആദ്യം മൃതദേഹം എത്തിച്ചത്. അവിടെനിന്ന് വൈകീട്ടോടെ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോവുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സെക്രട്ടേറിയറ്റില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോവും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണു സംസ്‌കാര ചടങ്ങുകള്‍. ദീര്‍ഘകാലമായി ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. വന്‍ ജനാവലിയാണ് ഉമ്മന്‍ ചാണ്ടിയെ യാത്രയാക്കാനായി ബെംഗളൂരുവിലെത്തിയത്. ബെന്നി ബെഹനാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഭൗതികശരീരവും വഹിച്ചു വരുന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News