ലൈഫ് മിഷന്‍: സര്‍ക്കാരിന് തിരിച്ചടി; സി ബി ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിബി ഐ അന്വേഷണവുമായി സഹകരിക്കണമെന്ന് ലൈഫ് മിഷന്‍ പദ്ധതിയുടെ സി ഇ ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി.ഹരജി വിശദമായ വാദത്തിനായി വീണ്ടും ഈ മാസം എട്ടിന് കോടതി പരിഗണിക്കും.യുണിടാക്, സെയിന്‍വെഞ്ചേഴ്‌സ് എന്നീ കമ്പനികള്‍ ആരുടെയെങ്കിലും ബിനാമിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിബി ഐ കോടതിയില്‍ വാദിച്ചു.

Update: 2020-10-01 06:52 GMT

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിഐക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.സിബി ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചുവെങ്കിലും ഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവില്ല. സിബി ഐ അന്വേഷണവുമായി സഹകരിക്കണമെന്ന് ലൈഫ് മിഷന്‍ പദ്ധതിയുടെ സി ഇ ഒയ്ക്ക് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി.ഹരജി വിശദമായ വാദത്തിനായി വീണ്ടും ഈ മാസം എട്ടിന് കോടതി പരിഗണിക്കും.യുണിടാക്, സെയിന്‍വെഞ്ചേഴ്‌സ് എന്നീ കമ്പനികള്‍ ആരുടെയെങ്കിലും ബിനാമിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിബി ഐ കോടതിയില്‍ വാദിച്ചു.പ്രാരംഭ വാദമാണ് ഇന്ന് നടന്നത്.

സുപ്രിം കോടതിയില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ കെ വി വിശ്വാനാഥനാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.ഡല്‍ഹിയില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹം ഹാജരായത്.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ കേസെടുത്ത് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ വാദം.വിദേശത്തു നിന്നു സംഭാവന സ്വീകരിച്ചുവെന്ന നിയമപ്രകാരം കുറ്റം ചുമത്തി അന്വേഷണം നടത്താന്‍ സിബിഐക്ക് അധികാരമില്ല.സിബിഐ അന്വേഷണം നിയമവിരുദ്ധവും, നിയമവ്യവസ്ഥയെ അപഹസിക്കുന്നത് ആണെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചു.വിദേശ സംഭാവന സ്വീകരിക്കുന്ന ചട്ടം അനുസരിച്ചാണ് സിബിഐ കേസെടുത്തിട്ടുള്ളത്. എന്നാല്‍ അത്തരം ചട്ടം ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ബാധകമാകില്ല. യൂണിടാകും റെഡ് ക്രസന്റും തമ്മിലാണ് കരാര്‍. റെഡ് ക്രസന്റും നിര്‍മാതാക്കളുമായി നടത്തിയിട്ടുള്ള സാമ്പത്തിക കൈമാറ്റം ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരെ ബാധിക്കുന്ന കാര്യമല്ല. ഇടപാടുകള്‍ സമ്മതിച്ചാല്‍ പോലും സര്‍ക്കാരിനും ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കും യാതൊരു വിധ ഉത്തരവാദിത്തവും വരില്ലെന്നും ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനിക്കില്ലെന്നും ഹരജിയില്‍ പറയുന്നു.

വളരെ തിടുക്കപ്പെട്ട് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്, പിന്നില്‍ മറ്റു താല്‍പ്പര്യങ്ങളുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലോ സിബിഐക്ക് ലഭിച്ച പരാതിയിലൊ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗ്സഥര്‍ക്കെിതരെയോ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയോ പ്രാഥമിക നിലനില്‍ക്കുന്ന കുറ്റകൃത്യങ്ങളൊന്നുമില്ലെന്നു ഹരജിയില്‍ പറയുന്നു. രാഷ്ട്രീയപരമായ ചില താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപരമായ സാധുതയില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു.വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍ഐ) 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചന കുറ്റവും ചുമത്തിയാണ് സിബിഐ അന്വേഷണം നടത്തുന്നത്.

യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്‌സ്, ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സിബി ഐ സമര്‍പ്പിച്ചിരിക്കുന്ന എഫ് ഐ ആര്‍.അന്വേഷണത്തിന്റെ ഭാഗമായി യൂണിടാക് എംഡി സന്തോഷ് ഈപ്പനെയും പദ്ധതിയുടെ തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററെയും സിബി ഐ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.ഇതിനു പിന്നാലെ പദ്ധതിയുടെ ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനും സിബി ഐ നോട്ടീ നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സിബി ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്

Tags:    

Similar News