ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര: കാസര്‍ഗോഡ് സ്വദേശികള്‍ തൃശൂരില്‍ പോലിസ് പിടിയില്‍
എറണാകുളത്തുനിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗസംഘം പിടിയിലായത്.
തൃശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് നാട്ടിലേയ്ക്ക് കാറില്‍ മടങ്ങുകയായിരുന്ന കാസര്‍ഗോഡ് സ്വദേശികള്‍ ഹൈവേ പോലിസിന്റെ പിടിയിലായി. എറണാകുളത്തുനിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗസംഘം പിടിയിലായത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് പോലിസ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയവരെയാണ് പിടികൂടിയത്. കാസര്‍ഗോഡ് ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം(27), ഉപ്പള ഹയാന മന്‍സിലില്‍ ഹസ്സന്‍ മുനീര്‍ (24), കമ്പള ജൗളി വീട്ടില്‍ ഹാരിസ് (35), ഉപ്പള ഷാഫി മന്‍സില്‍ അബ്ദുള്‍ റഹ്മാന്‍ (30) എന്നിവരാണ് പോലിസ് പിടിയിലായത്.
എറണാകുളത്ത് കടനടത്തുകയായിരുന്ന ഇവര്‍ ചൊവ്വാഴ്ച രാത്രി ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് കാറില്‍ കാസര്‍ഗോട്ടേയ്ക്ക് മടങ്ങുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലിസ് കൈകാണിച്ചെങ്കിലും കാര്‍ നിര്‍ത്താതെ യാത്രതുടര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ചേറ്റുവയില്‍ ഹൈവേ പോലിസിന്റെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് വാടാനപ്പള്ളി പോലിസിനു കൈമാറി. ആരോഗ്യവകുപ്പിനു വിട്ടുകൊടുത്ത നാലുപേരെയും ഒല്ലൂര്‍ ജെറുസലേം കേന്ദ്രത്തില്‍ ക്വാറന്റൈനിലാക്കി. ഇവര്‍ക്കെതിരേ കേസെടുത്തതായി വാടാനപ്പള്ളി പോലിസ് അറിയിച്ചു.