എം ശിവശങ്കര്‍ ആയുര്‍വേദ ചികിത്സയില്‍
ശിവശങ്കറിനെ വഞ്ചിയൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: എം ശിവശങ്കര്‍ ആയുര്‍വേദ ചികിത്സയില്‍. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ ശിവശങ്കറിനെ വഞ്ചിയൂരിലെ ആയുര്‍വേദ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തക്കവണ്ണം ആരോഗ്യ പ്രശ്‌നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്. കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ശിവശങ്കറിന്റെ നടുവിലെ ഡിസ്‌കിന് ചെറിയ തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പടെയുള്ള പരിശോധനകളും നടത്തി. എന്നാല്‍ നടുവേദന ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കസ്റ്റംസ് വാഹനത്തില്‍ പോകുന്നതിനിടെ ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്‍ജിയോഗ്രാം ഉള്‍പ്പടെയുള്ള പരിശോധനകളും നടത്തി. എന്നാല്‍ പരിശോധകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.