മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; ജനം ടിവിക്കെതിരെ പിഡിപി പ്രതിഷേധം

ജനം ടിവിയുടെ ആലുവ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഓഫീസിന്റെ പരിസരത്തു പോലീസ് തടഞ്ഞു.സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ജാമ്യം ലഭിച്ച് ബംഗളുരു സിറ്റിയില്‍ വാടക വീട്ടില്‍ കഴിഞ്ഞ് വരികയാണെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍ പറഞ്ഞു

Update: 2021-07-12 12:45 GMT

ആലുവ: അബ്ദുന്നാസിര്‍ മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ജനം ടി വി ഓഫിസിലേക്ക് പിഡിപി പ്രതിഷേധ മാര്‍ച്ച് നടത്തി.പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തടവില്‍ കഴിയുന്ന ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെടുത്തു എന്ന രീതിയിലാണ് ജനം ടി വി കഴിഞ്ഞ ദിവസം അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയത്.ഇതില്‍ പ്രതിഷേധിച്ചായിരുന്നു ജനം ടിവിയുടെ ഓഫിസിലേക്ക് പിഡിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അബ്ദുന്നാസിര്‍ മഅ്ദനി കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ജാമ്യം ലഭിച്ച് ബംഗളുരു സിറ്റിയില്‍ വാടക വീട്ടില്‍ കഴിഞ്ഞ് വരികയാണെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ജയില്‍ പരിശോധനക്കിടയില്‍ നിരവധി മാരകായുധങ്ങളും ലഹരി മരുന്നുകളും കണ്ടെടുത്തു എന്നതിലേക്ക് ദുരുദ്ദേശത്തോടെ മഅ്ദനിയുടെ പേര് വലിച്ചിഴക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വ്വം വാര്‍ത്ത സൃഷ്ടിക്കുകയുമായിരുന്നു.

മാധ്യമധര്‍മ്മത്തിന് നിരക്കാത്ത നിലയില്‍ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ജനം ടിവിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും , മഅ്ദനിയെ അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും മുജീബ്‌റഹ്മാന്‍ പറഞ്ഞു.ജനം ടിവിയുടെ ആലുവ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഓഫീസിന്റെ പരിസരത്തു പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി എം അലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണികര, ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് വാഴക്കാല, മണ്ഡലം പ്രസിഡന്റ് ജമാല്‍ ചെങ്ങമനാട് മാര്‍ച്ചിന് നേതൃത്വം കൊടുത്തു.

Tags:    

Similar News