കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍

കൊവിഡ് പോരാട്ടത്തില്‍ സഹായിക്കാമെന്ന് കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഔദ്യോഗികമായി കത്തയച്ചത്.

Update: 2020-05-25 09:00 GMT

തിരുവനന്തപുരം: കൊവിഡ് ചികിത്സാ സഹായങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയുടെ കത്ത്. കൊവിഡ് പോരാട്ടത്തില്‍ സഹായിക്കാമെന്ന് കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഔദ്യോഗികമായി കത്തയച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സംവിധാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടറേറ്റിലെ ഡോ. ടി.പി ലഹാനെയാണ് കത്തയച്ചത്.

50 ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും അയക്കണമെന്നാണ് കേരളത്തോട് ആവശ്യപ്പെട്ടത്. കത്തിന് പ്രതികരണം ലഭിക്കാന്‍ മഹാരാഷ്ട്ര ഇപ്പോഴും കാത്തിരിക്കുകയാണ്. മെഡിക്കല്‍ സംഘം എത്തിക്കഴിഞ്ഞാല്‍ എങ്ങനെ നിയമിക്കുമെന്നതിനെക്കുറിച്ച് തീരുമാനിക്കുകയാണ് സര്‍ക്കാരെന്ന് ടി.പി ലഹാനെ പറഞ്ഞു. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള പറ്റി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെ 50,231 കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

Tags:    

Similar News