മലബാര്‍ സിമന്റ്‌സ് അഴിമതി: കമ്പനിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി
ഓഫിസ് കെട്ടിടവും അത് സ്ഥിതിചെയ്യുന്ന രണ്ടര ഏക്കറോളം ഭൂമിയുമാണ് കണ്ടുകെട്ടിയത്. ഇതിന് ഏകദേശം 67 ലക്ഷം രൂപയോളം മതിപ്പുവില വരുമെന്നാണ് കണക്കുകൂട്ടല്‍.
മുംബൈ: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. കേന്ദ്രഭരണപ്രദേശമായ ദാമനിലുള്ള റിഷി ടെക്‌റ്റെക്‌സിന്റെ ഓഫിസ് കെട്ടിടമാണ് കോഴിക്കോട് നിന്നെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടുകെട്ടിയത്. വ്യവസായി വി എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ചാക്ക് അഴിമതിക്കേസിലാണ് നടപടി. ഓഫിസ് കെട്ടിടവും അത് സ്ഥിതിചെയ്യുന്ന രണ്ടര ഏക്കറോളം ഭൂമിയുമാണ് കണ്ടുകെട്ടിയത്. ഇതിന് ഏകദേശം 67 ലക്ഷം രൂപയോളം മതിപ്പുവില വരുമെന്നാണ് കണക്കുകൂട്ടല്‍. റിഷി ടെക്‌റ്റേക്‌സിന്റെ കെട്ടിടം കണ്ടുകെട്ടിയതായി കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് പതിക്കുകയായിരുന്നു. 2003-2008 കാലത്ത് മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് റിഷി ടെക്‌റ്റെക്‌സില്‍ നിന്നായിരുന്നു. ചാക്ക് ഇറക്കുമതിയില്‍ ഉദ്യോഗസ്ഥരും വി എം രാധാകൃഷ്ണനും ചേര്‍ന്ന് നാലര കോടിയുടെ അഴിമതി നടത്തിയെന്ന വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഇഡി നടപടി. ഓഫിസ് കണ്ടുകെട്ടാനുള്ള ശുപാര്‍ശ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഡല്‍ഹിയിലെ അതോറിറ്റി അംഗീകരിച്ചതോടെയാണ് നോട്ടീസ് പതിച്ചത്. കോഴിക്കോട് നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ദാമനിലെത്തി ഓഫിസ് ഏറ്റെടുത്തുവെന്ന് കാണിക്കുന്ന നോട്ടീസ് സ്ഥാപിക്കുകയായിരുന്നു. നേരത്തേ, മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി ഉത്തരവിറക്കിയിരുന്നെങ്കിലും ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.