രാഷ്ട്രീയത്തില്‍ പരിശുദ്ധിയുടെ പ്രതീകമായിരുന്നു വി വി പ്രകാശ്: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Update: 2021-04-29 06:10 GMT

മലപ്പുറം: രാഷ്ട്രീയത്തില്‍ പരിശുദ്ധിയുടെ പ്രതീകമായിരുന്നു വി വി പ്രകാശെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം ഡിസിസിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ പ്രായത്തില്‍തന്നെ ഒരുപാട് ജീവിതാനുഭവങ്ങള്‍ കണ്ടായാളാണ് അദ്ദേഹം. തന്റെ സഹയാത്രികരും മുതിര്‍ന്നവരും താഴെ പ്രായമുള്ളവരുമെല്ലാം രാഷ്ട്രീയത്തില്‍ തന്റെ ചുമലില്‍ ചവിട്ടി മുകളില്‍കയറി പോയപ്പോഴും അവരെ ആശീര്‍വദിച്ചയച്ച നിര്‍മല ഹൃദയനായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ നീതിമാനായ ഒരു കോ- ഓഡിനേറ്ററായിരുന്നു അദ്ദേഹം.

സ്വഭാവികമായും കക്ഷികള്‍ക്കിടയിലുണ്ടാവുന്ന വഴക്കില്‍ പ്രകാശ് ഇടപെട്ടാല്‍ സത്യത്തിന്റെ ഭാഗത്തേ അദ്ദേഹം നില്‍ക്കൂവെന്ന് എല്ലാവര്‍ക്കും ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് പല പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയസാഹചര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തില്‍ മൂല്യച്യുതി നടക്കുന്ന കാലഘട്ടത്തില്‍ ആദര്‍ശവാനായ ഈ നേതാവിന്റെ മരണത്തിന്റെ വിടവ് കൂടുതല്‍ അനുഭവപ്പെടും. അദ്ദേഹത്തിന്റെ പാവനസ്മരണക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Tags:    

Similar News