കണ്ണുനീരും ചോരയും കണ്ടു പ്രയാസപ്പെടുന്ന ജനതയാണ് കശ്മീരികള്‍: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
ന്യൂഡല്‍ഹി: പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് മുമ്പും ശേഷവും കടുത്ത യാതനയും കണ്ണുനീരും ചോരയുമെല്ലാം കണ്ടു പ്രയാസപ്പെടുന്ന ജനതയാണ് കശ്മീരികളെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കശ്മീരികളുടെ യാതന ഇന്നും തുടരുകയാണെന്നും ഇ ടി പാര്‍ലമെന്റില്‍ പറഞ്ഞു.
കശ്മീരിന്റെ സപ്ലിമെന്ററി അഭ്യര്‍ത്ഥന പ്രകാരമുള്ള ഗ്രാന്റ് അനുവദിക്കുന്നതിനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത്ഷാ തന്നെ ഒരു പ്രസ്താവനയില്‍ പറഞ്ഞത് കശ്മീരില്‍ എപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലാവുന്നോ അപ്പോള്‍ അവര്‍ക്ക് സംസ്ഥാനപദവി തിരിച്ചുകൊടുക്കുമെന്നാണ്. ബിജെപിയെ അനുകൂലിച്ചവരെല്ലാം അവിടം ശാന്തസുന്ദരമാണെന്നാണ് വ്യക്തമാക്കിയത്. ഒരു മന്ദമാരുതനെപ്പോലെയാണ് കശ്മീരെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, കഴിഞ്ഞകാലത്തെ ദുഃഖഭാരം തന്നെ ഇപ്പോഴും പേറി കഴിയേണ്ടിവരുന്ന ദുര്‍ഗതിയാണ് അവര്‍ക്കുള്ളതെന്ന് ഈ പറയുന്നവര്‍ മനസ്സിലാക്കുന്നില്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
എന്തെല്ലാം മോഹനസുന്ദരങ്ങളായ കാര്യങ്ങളായിരുന്നു ഈ സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ പറഞ്ഞിരുന്നതെന്ന് ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ? തീവ്രവാദം തടയും, ജമ്മുകശ്മീരിലേക്ക് സമഗ്രമായ വികസനം കൊണ്ടുവരും, കശ്മീര്‍ പണ്ഡിറ്റുമാരെ തിരികെക്കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും, സര്‍ക്കാര്‍ വിഹിതങ്ങളില്‍ അവര്‍ക്കും നീതിപൂര്‍വമായ വിതരണം നടത്തുമെന്നെല്ലാം അന്നു വാഗ്ദാനം ചെയ്തു. എന്നാല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഫലപ്രദമായി നടപ്പാക്കാന്‍ ഇതുവരെ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ശത്രുവായി അവര്‍ കാണുന്നത് ജനങ്ങളുടെ വികാരവിചാരങ്ങള്‍ പുറത്തുകൊണ്ടുവന്ന പത്രമാധ്യമങ്ങളാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏതെങ്കിലും ഒരു ഭരണകൂടം അഞ്ച് മുന്‍ മുഖ്യമന്ത്രിമാരെ മാസങ്ങളോളം വീട്ടുതടങ്കലില്‍ താമസിപ്പിച്ച ചരിത്രം കേട്ടുകേള്‍വി പോലുമുള്ളതാണോ? തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ മുഴുവനും കടുത്തപീഡനങ്ങള്‍ക്ക് ഇരയാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഭാഗം തന്നെയാണ് പത്രമാധ്യമങ്ങളുടെ കാര്യം. ജമ്മുകശ്മീരിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് അവിടുത്തെ പത്രക്കാരുടെ സമിതി നിഷ്പക്ഷ അന്വേഷണം നടത്തിയിരുന്നു. അവര്‍ കണ്ടെത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. യാത്രക്കാര്‍ക്കുനേരെ പലതരത്തില്‍ അതിക്രമം നടക്കുന്നു. അവര്‍ക്ക് താമസിക്കാന്‍ കൊടുത്തിരുന്ന സ്ഥലങ്ങളില്‍നിന്നുവരെ ബോധപൂര്‍വം ഒഴിപ്പിക്കുന്നു. സര്‍ക്കാര്‍പരസ്യങ്ങള്‍ സര്‍ക്കാരിനുവേണ്ടി കുഴലൂത്ത് നടത്തുന്ന പത്രക്കാര്‍ക്ക് മാത്രമേ കൊടുക്കുന്നുള്ളൂ. ഇന്റര്‍നെറ്റ് മാസങ്ങളോളം തടസ്സപ്പെടുത്തി. പത്രക്കാര്‍ക്ക് കൊടുക്കേണ്ട അക്രെഡിറ്റേഷന്‍ പലതും യാതൊരു നീതീകരണവുമില്ലാതെ നിര്‍ത്തല്‍ ചെയ്തു.''
ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ ചിത്രം തന്നെ അവര്‍ പരിഹാസമാക്കുകയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഏറ്റവും സുതാര്യമായ നിയമസംവിധാനമായിരുന്നു വിവരാവകാശം. കശ്മീരില്‍ സാധാരണക്കാരന് ഏതെങ്കിലുമൊരു ഔദ്യോഗികമായ വിവരം ഈ നിയമപ്രകാരം കിട്ടില്ല. ജനാധിപത്യ സര്‍ക്കാര്‍ വന്നാല്‍ അത് ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഇടയിലുള്ള പാലമായി തീരും. ആ പാലമാണ് നേരത്തെ തന്നെ കേന്ദ്രം പൊളിച്ചുകളഞ്ഞത്. ഫെഡറലിസം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പമാണ്. എന്നാല്‍ അതിനെ ഓരോ ഘട്ടത്തിലും തകര്‍ത്തുകളയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.
എല്ലാ സര്‍ക്കാരിനും അതിന്റേതായ അജണ്ടകളുണ്ടാകും. അതില്‍ രാഷ്ട്രീയ അജണ്ടയുമുണ്ടാകും. എന്നാല്‍, ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിന്റെ ജനസംഖ്യാനുപാതം തങ്ങളുടെ രാഷ്ട്രീയ ഇച്ഛയ്ക്ക് അനുസരിച്ച് പുനഃക്രമീകരണം ചെയ്യാന്‍ വഴിയൊരുക്കുന്ന ഏതു നീക്കവും തെറ്റായ നിയമവും കീഴ്വഴക്കവുമാണ്. അത് ജമ്മുകശ്മീരിലാണെങ്കിലും ലക്ഷദ്വീപിലാണെങ്കിലും ഇത്തരം വിക്രിയകളെ ശക്തമായി എതിര്‍ക്കുകയാണ് വേണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.