വിദ്യാര്‍ഥിയെ പിടിച്ചിറക്കിയ സംഭവം: ബസ് പിടിച്ചെടുത്തു

Update: 2019-07-24 12:18 GMT

പരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ഥിയെ പെരുമഴയത്തു പിടിച്ചിറക്കിയ ബസ് ആര്‍ടിഒ പിടിച്ചെടുത്തു. മഞ്ചേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കു വരികയായിരുന്ന കൊരമ്പയില്‍ ബസ് ആണ് മലപ്പുറം ആര്‍ടിഒ പിടിച്ചെടുത്ത് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വേങ്ങരക്കടുത്ത സ്‌റ്റോപ്പിലാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ പി ഷാജഹാന്‍ ആണ് യാത്രക്കിടെ നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതു ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക റുബീന ആണ് വിവരം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയത്. 9-10 വയസ് തോന്നിക്കുന്ന കുട്ടിയെയാണ് തനിക്കിറങ്ങേണ്ടതായ സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ കഴിയാത്ത കാരണം ഒന്നര കിലോമീറ്ററോളം അകലെയുള്ള സ്‌റ്റോപ്പില്‍ പിടിച്ചിറക്കിയത്. കുട്ടിയെ ഇറക്കിവിടാന്‍ പല തവണ കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ചെവിക്കൊണ്ടില്ല എന്നും പിന്നീട് ഉച്ചത്തില്‍ വിളിച്ചു ആക്രോശിച്ചതുകൊണ്ടാണ് കുട്ടിയെ പിടിച്ചിറക്കിയതെന്നും ഷാജഹാന്‍ പറയുന്നു.

നേരത്തെ ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടി 'തന്റെ അനിയന്‍ ഇറങ്ങിയിട്ടില്ല 'എന്ന് വിളിച്ചു പറയുന്നതും കണ്ടിരുന്നതായി ഷാജഹാന്‍ പറഞ്ഞു .

കേസിനാസ്പദമായ ബസ് പിടിച്ചെടുത്തിട്ടുണ്ടെന്നും കുട്ടി എവിടെയാണെന്നൊക്കെയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും മലപ്പുറം ആര്‍ടിഒ അനൂപ് പറഞ്ഞു. 

Tags:    

Similar News