മഞ്ചിക്കണ്ടിയിലേത് ഏറ്റുമുട്ടല്‍ തന്നെയെന്ന് പോലിസ് കോടതിയില്‍

ഏറ്റുമുട്ടല്‍ വ്യാജമാണെന്നും മാവോവാദികള്‍ക്കുനേരെ പോലിസ് ഏകപക്ഷീയമായി വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നും സിപിഐ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പോലിസ് രംഗത്തെത്തിയിരിക്കുന്നത്.

Update: 2019-11-02 07:45 GMT

പാലക്കാട്: അട്ടപ്പാടിക്ക് സമീപം മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികളെ വധിച്ച സംഭവം ഏറ്റുമുട്ടല്‍ തന്നെയെന്ന് ആവര്‍ത്തിച്ച് പോലിസ്. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും മാവോവാദികള്‍ക്കുനേരെ പോലിസ് ഏകപക്ഷീയമായി വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്നും സിപിഐ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പോലിസ് രംഗത്തെത്തിയിരിക്കുന്നത്. മഞ്ചിക്കണ്ടിയിലേത് അപ്രതീക്ഷിതമായുണ്ടായ ഒരു ഏറ്റുമുട്ടലാണെന്ന് പാലക്കാട് എസ്പി ജി ശിവവിക്രം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. തണ്ടര്‍ ബോള്‍ട്ട് സംഘത്തിന്റെ പതിവ് പട്രോളിങ്ങിനിടെ മാവോവാദികള്‍ വെടിയുതിര്‍ത്തു. തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്.

അടുത്ത ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കവെ വീണ്ടും വെടിവയ്പുണ്ടായി. ഇവിടെവച്ചാണ് മണിവാസകം കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സുപ്രിംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും പോലിസ് റിപോര്‍ട്ടിലുണ്ട്. മഞ്ചിക്കണ്ടിയിലെ ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്നും പോലിസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ ബന്ധുക്കള്‍ ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതെത്തതുടര്‍ന്നാണ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ പാലക്കാട് എസ്പിയോട് കോടതി നിര്‍ദേശിച്ചത്. നാലുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. 

Tags:    

Similar News