എം ബി രാജേഷിന്റെ ഭാര്യയുടെ അനധികൃത നിയമനം:സമഗ്രാന്വേഷണവും നിയമനടപടിയും വേണം- എസ്ഡിപിഐ
ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജേഷിന്റെ ഭാര്യയ്ക്ക് മുസ് ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയാണ് അനധികൃത നിയമനം തരപ്പെടുത്തിയത്
കൊച്ചി: സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ അനധികൃത നിയമനം നല്‍കിയ നടപടി സിപിഎമ്മിന്റെ വഴിവിട്ട പ്രവര്‍ത്തനത്തിന്റെ മികച്ച ഉദാഹരണമാണെന്നും വിഷയത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി ഉണ്ടാവണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍.
ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയതെന്ന് ഇന്റര്‍വ്യൂ നടത്തിയ സമിതിയിലെ അംഗം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാജേഷിന്റെ ഭാര്യയ്ക്ക് മുസ് ലിം സംവരണ ക്വാട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയാണ് അനധികൃത നിയമനം തരപ്പെടുത്തിയത്. സര്‍ക്കാര്‍ കോളജുകളിലെ അസി. പ്രഫസര്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യക്ക് 212 ാം റാങ്കാണു ലഭിച്ചത്. അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കിയത്.
ഇടതുപക്ഷം അധികാരത്തിലെത്തിയതു മുതല്‍ അനധികൃത നിയമനം പൊടിപൊടിക്കുകയാണ്. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെ രാജിയിലേക്കുവരെ നയിച്ചത് നിയമന വിവാദമായിരുന്നു. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാനക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നല്‍കാനുള്ള നീക്കം കോടതി ഇടപെട്ടാണ് തടഞ്ഞത്. സര്‍വകലാശാല ചട്ടത്തിന് വിരുദ്ധമായി യുജിസി നിര്‍ദേശങ്ങള്‍ ലംഘിച്ചും സംവരണ തത്വങ്ങള്‍ അട്ടിമറിച്ചും നടത്തുന്ന നിയമനങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അധികാരമുപയോഗിച്ച് അവസരങ്ങള്‍ സ്വന്തക്കാര്‍ക്ക് പങ്ക് വെക്കുന്നതു സംബന്ധിച്ച് ഇടതു നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും കെ എസ് ഷാന്‍ ആവശ്യപ്പെട്ടു.