കൊവിഡിന്റെ മറവിലെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കണം :മെക്ക

2020 ജനുവരി 31 മുതല്‍ ജൂണ്‍ 30 വരെ 23,000-ല്‍ അധികം ജീവനക്കാരാണ് റിട്ടയര്‍ ചെയ്യുന്നത്. പതിനായിരത്തോളം പേര്‍ അധ്യാപകര്‍. എല്‍പിസ്‌കൂള്‍ മുതല്‍ കോളജ്തലം വരെയുള്ളവര്‍. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഒരു ഒഴിവുപോലും നികത്തിയിട്ടില്ല. പ്രമോഷന്‍ മുഖേനയുണ്ടാകാവുന്ന ഒഴിവുകളിലും നിയമിനമില്ല. എന്‍ട്രി കേഡറുകളില്‍മാത്രം ഇരുപതിനായിരത്തോളം നിയമനം നടക്കാനുണ്ട്

Update: 2020-06-09 15:18 GMT

കൊച്ചി; സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെയും ചെലവ് ചുരുക്കലിന്റെയും പേരില്‍ നിലനില്‍ക്കുന്ന അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിച്ച് കാല്‍ലക്ഷത്തോളമുള്ള ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി സര്‍ക്കാരിനോടാവശ്യപ്പെട്ടു.2020 ജനുവരി 31 മുതല്‍ ജൂണ്‍ 30 വരെ 23,000-ല്‍ അധികം ജീവനക്കാരാണ് റിട്ടയര്‍ ചെയ്യുന്നത്. പതിനായിരത്തോളം പേര്‍ അധ്യാപകര്‍. എല്‍പിസ്‌കൂള്‍ മുതല്‍ കോളജ്തലം വരെയുള്ളവര്‍. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഒരു ഒഴിവുപോലും നികത്തിയിട്ടില്ല. പ്രമോഷന്‍ മുഖേനയുണ്ടാകാവുന്ന ഒഴിവുകളിലും നിയമിനമില്ല.

എന്‍ട്രി കേഡറുകളില്‍മാത്രം ഇരുപതിനായിരത്തോളം നിയമനം നടക്കാനുണ്ട്.മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 19 വരെ കാലാവധിയവസാനിക്കുന്ന മുഴുവന്‍ റാങ്കുലിസ്റ്റുകളുടേയും കാലാവധി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചെങ്കിലും യാതൊരുവിധ നിയമന നടപടികളുമുണ്ടായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനിരിക്കെ അധ്യാപകരുടെ അനവധി ഒഴിവുകള്‍ ഉടന്‍ നികത്തേണ്ടതുണ്ട്. ഈ സാഹചര്യവും നിയമന നടപടികളിലെ മെല്ലേപ്പോക്കും കാലാതാമസവും പരിഗണിച്ച് ജൂണില്‍ കാലാവധിയവസാനിക്കുന്ന മുഴുവന്‍ റാങ്ക് ലിസ്റ്റുകളുടേയും കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ച് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയകറ്റി നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.കാല്‍ലക്ഷത്തോളം വരുന്ന ഒഴിവുകള്‍ നികത്താതെ കരാര്‍ നിയമനവും താല്‍ക്കാലിക തസ്തിക സൃഷ്ടിച്ച് പിന്‍വാതില്‍ നിയമനവും തകൃതിയായി നടത്തുകയുമാണ്. നൂറുകണക്കിന് യുവാക്കളുടെ ഭാവി കൊട്ടിയടക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണം.14 വര്‍ഷമായി പിന്നോക്ക സമുദായങ്ങള്‍ക്കര്‍ഹമായ എന്‍സിഎ ഒഴിവുകള്‍ ചട്ടത്തിലെ അവ്യക്തത മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എന്‍സിഎ നിയമന ചട്ടത്തില്‍ വ്യക്തത വരുത്തി സ്പഷ്ടീകരണ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാരവകുപ്പും നിയമവകുപ്പും പിഎസ്‌സിയും സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും സാമൂഹ്യനീതിയുടെ നിര്‍വ്വഹണം ഉറപ്പുവരുത്തണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു.കെഎഎസിലേക്ക് നടന്ന ഒഎംആര്‍ പരീക്ഷാഫല നിര്‍ണയവേളയില്‍ കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ പരിശോധിക്കാന്‍ കഴിയാതിരുന്ന ഒമ്പതിനായിരത്തിലധികം പേരുടെ മൂല്യനിര്‍ണയം മാനുവലായി നടത്തുന്നതിന് പിഎസ്‌സി ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി ക്രമക്കേടുകള്‍ക്കും സ്വജനപക്ഷ പാതത്തിനും അഴിമതിക്കും ഇടവരുത്തുമെന്നുറപ്പാണ്.

ഒഎംആര്‍ ഉത്തരക്കടലാസുകള്‍ ആരുടേതാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ മൂല്യനിര്‍ണയം നടത്തുന്ന പിഎസ്‌സിയുടെ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. പരീക്ഷാഫലം അട്ടിമറിക്കാനും സ്ഥാപിത താല്‍പര്യക്കാരെ വിജയിപ്പിക്കാനും ഏതുതരത്തിലുള്ള ക്രമക്കേടിനും ഇടയാക്കുന്നതാണ് മാനുവല്‍ പരിശോധനാരീതി.പിഎസ്‌സിയുടെ വിശ്വാസ്യതയും ഉദ്യോഗാര്‍ഥികളുടെ അര്‍ഹതയും തകര്‍ക്കുന്ന മൂല്യനിര്‍ണയം നിര്‍ത്തിവയ്ക്കണം. നിലവിലെ പരീക്ഷ റദ്ദു ചെയ്ത് പുതിയ ഒഎംആര്‍ ടെസ്റ്റ് നടത്തുന്നതുള്‍പ്പടെ കുറ്റമറ്റ സംവിധാനം ഉണ്ടാകുവാന്‍ ഭരണഘടന സ്ഥാപനമായ പിഎസ്‌സി സത്വരനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും എന്‍ കെ അലി അറിയിച്ചു. 

Tags:    

Similar News