മുറ്റത്തൊരു ഔഷധച്ചെടി; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പരിസ്ഥിതി ദിനാചരണം നടത്തി
പത്തനംതിട്ട: മുറ്റത്തൊരു ഔഷധച്ചെടി എന്ന സന്ദേശമുയര്‍ത്തി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പരിസ്ഥിതി ദിനാചരണം ജില്ലാ പ്രസിഡന്റ് എസ് ഷൈലജ ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ജില്ലയില്‍ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ നടന്നത്. പ്രകൃതി തന്നെ രോഗശമനത്തിന്റെ കലവറയാണ്.
കേരളത്തിന്റെ പരിസ്ഥിതിയില്‍ അതിവിശിഷ്ട ഗുണങ്ങളുള്ള സസ്യങ്ങള്‍ ധാരാളമായി വളരുന്നു. പൂര്‍വികര്‍ അതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, പുതുതലമുറ അവ തിരിച്ചറിയുന്നതിലും ഉപയോഗിക്കുന്നതിലും വിമുഖത കാണിക്കുന്നവരാണ്. അതിനാല്‍, നമുക്ക് ചുറ്റുമുള്ള ഔഷധസസ്യങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും സംരക്ഷിക്കുവാനും സ്ത്രീസമൂഹം തന്നെ മുന്‍കൈയെടുക്കണമെന്നും അതിനാവശ്യമായ ബോധവല്‍ക്കരണത്തിന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ മാതൃകയാവണമെന്നും അവര്‍ പറഞ്ഞു.