ബിനോയിക്കെതിരായ പീഡന പരാതി: തെറ്റു ചെയ്തവർ അനുഭവിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി രണ്ടുമാസം മുമ്പ് സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നതായി റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പീഡന പരാതിയില്‍ പോലിസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
അതേസമയം, ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി രണ്ടുമാസം മുമ്പ് സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നതായി റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നായിരുന്നു യുവതി പരാതിയില്‍ പറഞ്ഞത്.
സിപിഎം കേന്ദ്രനേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ച് വിശദാംശങ്ങള്‍ തേടിയിരുന്നു. എന്നാല്‍ യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. വ്യക്തിപരമായ വിഷയമാണെന്നും സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും നേതൃത്വം വിലയിരുത്തി. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.