മന്ത്രി എം എം മണിക്ക് കൊവിഡ്‌; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

മന്ത്രിയെ കഴിഞ്ഞദിവസങ്ങളിലും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Update: 2020-10-07 10:30 GMT

തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കൊവിഡ്‌. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന മന്ത്രിസഭയിൽ കൊവിഡ്‌ ബാധിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം എം മണി. മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കൊവിഡ്‌ സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി എസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ് വി എസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്. എന്നാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എം എം മണിക്ക് ആവശ്യമുണ്ട്.

മന്ത്രിയെ കഴിഞ്ഞദിവസങ്ങളിലും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. ആശുപത്രിയിലേക്ക് പോകാൻ മന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ മന്ത്രിയായതിനാൽ, പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്.

Tags:    

Similar News