കേരളത്തെ ഉല്‍പാദന കേന്ദ്രമാക്കാന്‍ എഫ് എം സി ജി പാര്‍ക്കുമായി ഫിക്ക്
2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഫ്എംസിജി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) പ്രതിനിധി സംഘം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു
കൊച്ചി: രാജ്യത്തെ എഫ്എംസിജി ഉല്‍പാദന കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ എഫ്എംസിജി ക്ലസ്റ്റര്‍ പാര്‍ക്ക് സ്ഥാപിക്കുന്നു. 2027 ഓടെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഫ്എംസിജി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി) പ്രതിനിധി സംഘം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
പാലക്കാട് ജില്ലയില്‍ 500 ഹെക്ടര്‍ ഭൂമി പദ്ധതിക്കായി കണ്ടെത്തണമെന്നാണ് ഫിക്കി മുന്നോട്ട് വച്ച നിര്‍ദേശം. വൈദ്യുതി, ജലലഭ്യതയും മികച്ച റോഡ്, റെയില്‍ കണക്ടിവിറ്റിയും ഉറപ്പു വരുത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. പാര്‍ക്ക് സംബന്ധിച്ച രൂപരേഖ ഫിക്കി കര്‍ണ്ണാടക ചെയര്‍മാന്‍ കെ ഉല്ലാസ് കാമത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വ്യവസായ മന്ത്രി പി രാജീവിന് സമര്‍പ്പിച്ചു. ധാര്‍വാഡില്‍ എഫ് എം സി ജി ക്ലസ്റ്റര്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ഫിക്കിയായിരുന്നു.
35 ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന പദ്ധതി സംസ്ഥാനത്തിനിണങ്ങുന്ന നിക്ഷേപ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിനൊപ്പം തമിഴ് നാടിന്റേയും കര്‍ണ്ണാടകയുടേയും വിപണി സാധ്യതകളും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന പദ്ധതിയായി ഇത് മാറ്റുമെന്ന് ഫിക്കി കര്‍ണാടക ചെയര്‍മാന്‍ ഉല്ലാസ് കാമത്ത് പറഞ്ഞു. ലോകത്തെ 20 പ്രമുഖ എഫ്എംസിജി കമ്പനികളെ പാര്‍ക്കിലേക്ക് എത്തിക്കാമെന്നും ഫിക്കി പ്രതിനിധികള്‍ ഉറപ്പു നല്‍കി.
അതിവേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പന്ന വിപണിയില്‍ കേരളത്തിന് പുറത്തുനിന്നുള്ള ഉല്‍പന്നങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനമുള്‍പ്പെടെ ഇതുമൂലം നഷ്ടപ്പെടുകയാണ്. അതിവേഗം വളരുന്ന എഫ്എംസിജി വിപണിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിന് ഇപ്പോഴും സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലന്ന് ഫിക്കി സംഘം വിലയിരുത്തി. 25000 കോടി രൂപയുടെ വിപണിയാണ് സംസ്ഥാനത്തുള്ളത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത ഉല്‍പാദന മേഖലയെന്ന നിലയില്‍ പാര്‍ക്ക് വികസിപ്പിക്കുന്നതിന് എല്ലാ സഹകരണവും ഫിക്കി വാഗ്ദാനം ചെയ്തതായി വ്യവസായ മന്ത്രി പറഞ്ഞു.
വ്യവസായമന്ത്രിക്ക് പുറമെ വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍, കെ എസ് ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എം ജി രാജമാണിക്യം, കിന്‍ഫ്ര എം ഡി സന്തോഷ് കോശി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫിക്കി കര്‍ണാടക സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉല്ലാസ് കാമത്ത്, ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ഡോ.എം ഐ സഹദുള്ള, കര്‍ണാടക സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി ഷാജു , കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു എന്നിവരാണ് ഫിക്കിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.