കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി: ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്
പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8 ,9 ,10 തീയതികളില്‍ പബ്ലിക് ഹിയറിങ് നടത്തും.പരമാവധി ജനാധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മുന്നോട്ടു പോകാനാണ് തീരുമാനം.
കൊച്ചി: കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള അയ്യമ്പുഴയിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് വ്യവസായ മന്ത്രി പി രാജീവ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചി-ബാംഗളുരു വ്യവസായ ഇടനാഴിയുടെ ആദ്യ അവലോകന യോഗം കിന്‍ഫ്ര എംഡി,എറണാകുളം,പാലക്കാട് ജില്ലാ കലക്ടര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയിരുന്നു.ഇതിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം നടന്നു.
ഡിസംബറോടു കൂടി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി ജൂലൈ 8 ,9 ,10 തീയതികളില്‍ പബ്ലിക് ഹിയറിങ് നടത്തും. പബ്ലിക് ഹിയറിങ്ങില്‍ ബെന്നി ബഹന്നാന്‍ എം പി,റോജി എം ജോണ്‍ എം എല്‍ എ , ജില്ലാ കലക്ടര്‍ എസ് സുഹാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.പരമാവധി ജനാധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കി മുന്നോട്ടു പോകാനാണ് തീരുമാനം. തിങ്കളാഴ്ച ജനപ്രതിനിധികളുടെ സൂം മീറ്റിംഗ് ചേരും.
ഗിഫ്റ്റ് സിറ്റി വരുന്നത് കൂടുതല്‍ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ഐ ടി - സാമ്പത്തിക - സേവന വ്യവസായങ്ങളാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയില്‍ ഉണ്ടാകുക.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കേരളത്തില്‍ നല്ല രീതിയില്‍ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.വ്യവസായികളുായി യോഗം നടത്തി.അനുകൂലമായ സമീപനമാണ് എല്ലായിടത്തു നിന്നും ലഭിക്കന്നത്.
കാക്കനാട് സ്ഥാപിക്കുന്ന ട്രേഡ് സെന്ററിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും.വെള്ളൂര്‍ എച്ച് എന്‍ എല്ലില്‍ പുതിയ പേപ്പര്‍ കമ്പനി,റബ്ബര്‍ കമ്പനി ഉള്‍പ്പെടെ വരും.ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കിന്റെ ഭാഗമായി 80 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു.ബാക്കി ഭൂമി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.വ്യവസായം നടത്താന്‍ പറ്റുന്ന ഭൂമിയാണോ എന്നത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിണ്ട്. പോസിറ്റാവാണെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.