മാര്‍ച്ചിനു മുന്‍പ് ഒരു ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ ലക്ഷ്യം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Update: 2021-09-01 12:20 GMT

തിരുവനന്തപുരം: മാര്‍ച്ചിനു മുന്‍പ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദര്‍ശനവും വെബ് പോര്‍ട്ടല്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇന്ധന വിലക്കയറ്റത്തില്‍നിന്നു രക്ഷപ്പെടാനുള്ള ബദര്‍ മാര്‍ഗമായാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ 'ഗോ ഇലക്ട്രിക്' എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാംപയിന്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നതുവഴി ഇന്ധനച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനാകും. ഇത് ഊര്‍ജ ലാഭത്തിനു പുറമേ സാമ്പത്തിക ലാഭവുമുണ്ടാക്കും. അതുവഴി കുടുംബ ബജറ്റ് താളംതെറ്റുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, കണ്‍വര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഒരു വര്‍ഷം നീളുന്ന 'ഗോ ഇലക്ട്രിക്' കാംപയിന്‍ സംഘടിപ്പിക്കുന്നത്. കാംപയിനിന്റെ ഭാഗമായി വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഹാള്‍ അങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ആറു കമ്പനികളുടെ 14 ഓളം മോഡലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് ഡ്രൈവിങ്ങിനും ബുക്കിങ്ങിനും അവസരമുണ്ടാകും. 27.47 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. സെപ്റ്റംബര്‍ നാലു വരെയാണു പ്രദര്‍ശനം. ഓണ്‍ലൈന്‍ പോര്‍ട്ടലായ MyEV.org.in വഴിയും ഇലക്ട്രിക് ടൂവീലറുകള്‍ പ്രത്യേക ആനുലൂക്യത്തോടെ വാങ്ങാം.

ഉദ്ഘാടന ചടങ്ങില്‍ വികെ പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, സി.ഇ.എസ്.എല്‍ മാനേജിങ് ഡയറക്ടര്‍ മഹുവ ആചാര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News