കെ എം മാണിയുടെ വേര്‍പാടില്‍ മന്ത്രിസഭയുടെ അനുശോചനം
നിയമസഭയിലും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങള്‍ ആര്‍ജിച്ച പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്
തിരുവനന്തപുരം: കേരളത്തിനു പൊതുവിലും കേരള നിയമസഭയ്ക്ക് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണ് കെ എം മാണിയുടെ നിര്യാണമെന്ന് മന്ത്രിസഭ അംഗീകരിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു. നിയമസഭയിലും പുറത്തും എല്ലാ വിഭാഗം ആളുകളുടെയും സ്നേഹാദരങ്ങള്‍ ആര്‍ജിച്ച പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്.
കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനിന്ന അദ്ദേഹം മലയോര പ്രദേശങ്ങളുടെയും കര്‍ഷക ജനസാമാന്യത്തിന്‍റെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും സഭയില്‍ ഉയര്‍ത്തുന്നതിലും ശ്രദ്ധേയമായ പങ്കാണ് വഹിച്ചത്. ഭരണപക്ഷത്താകുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട ശബ്ദമായിരുന്നു കെ എം മാണിയുടേത്.
ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ ഇടം നേടുന്ന അത്യപൂര്‍വം സാമാജികരുടെ നിരയിലാണു കെ എം മാണിയുടെ സ്ഥാനം. അമ്പത്തിനാലു വര്‍ഷം തുടര്‍ച്ചയായി നിയമനിര്‍മാണസഭയില്‍ അംഗമാവുക എന്നത് കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റിക്കോര്‍ഡാണ്.
1965 മുതല്‍ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പാലാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുന്നണികള്‍ മാറി മത്സരിച്ചിട്ടും തുടര്‍ച്ചയായി ജയിച്ചുവെന്നത് അദ്ദേഹത്തിന്‍റെ അസാമാന്യ ജനപിന്തുണയുടെ ദൃഷ്ടാന്തമാണ്.
നിയമപണ്ഡിതനായിരുന്ന കെ എം മാണി സഭാനടപടിക്രമങ്ങള്‍ സംബന്ധിച്ച് വളരെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും അതിലൂടെ സഭയുടെ പൊതു നിലവാരം ഉയര്‍ത്തുന്നതില്‍ മികവുറ്റ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചും ആഭ്യന്തരം, ധനകാര്യം, റവന്യൂ, മുതലായ പ്രധാന വകുപ്പുകളുടെയെല്ലാം ചുമതല വഹിച്ചും കെ എം മാണി ഭരണപാടവം തെളിയിച്ചു. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ തന്‍റേതായ സംഭാവന നല്‍കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്ന് ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കെ എം മാണി. മേഖലാപരമായ അസന്തുലിതാവസ്ഥയ്ക്കും സംസ്ഥാനങ്ങളുടെ അധികാര അവകാശങ്ങള്‍ക്കു മേലുള്ള കയ്യേറ്റങ്ങള്‍ക്കുമെതിരെ അദ്ദേഹം എന്നും ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രിസഭ അനുശോചന പ്രമേയത്തില്‍ പറഞ്ഞു.