തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂനിറ്റ് റിപോര്‍ട്ടര്‍ എംജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാത്രി എട്ടിന് ആര്യനാട് മീനാങ്കലിലെ സ്വവസതിയില്‍ നടക്കും.
ഒരു വ്യാഴവട്ടത്തിലേറെക്കാലം തലസ്ഥാനത്തെ വാര്‍ത്താ ലോകത്തെ കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്. ശ്രീജിത്തിന്റെ നിരവധി രാഷ്ട്രീയ റിപോര്‍ട്ടുകളും പോലിസ് സ്‌റ്റോറികളും ശ്രദ്ധ നേടിയിരുന്നു. ആര്യനാട് മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ; അഖില. ഏകമകള്‍ ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കാമറാമാന്‍ അയ്യപ്പന്‍ ഭാര്യാപിതാവാണ്.