സര്‍വകലാശാല ഇടപെട്ടു; മൊബൈല്‍ വെട്ടത്തില്‍ പരീക്ഷ നടത്തിയതിൽ നടപടി വന്നേക്കും

മഴയെത്തുടര്‍ന്ന് കോളജിലെ ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഷട്ട്ഡൗണ്‍ ആയതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍ പറഞ്ഞു.

Update: 2022-04-13 02:54 GMT

കൊച്ചി: മഹാരാജാസ് കോളജില്‍ 'മൊബൈല്‍ വെട്ടത്തില്‍' നടത്തിയ പരീക്ഷ റദ്ദുചെയ്തു. ചട്ടവിരുദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിച്ചവര്‍ക്കെതിരേ നടപടിയുണ്ടാകും. സംഭവത്തില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ളവരില്‍ നിന്ന് റിപോര്‍ട്ട് തേടി.

മഹാരാജാസ് കോളജില്‍ ചൊവ്വാഴ്ച നടന്ന രണ്ടാം വര്‍ഷ ബിരുദ-ബിരുദാനന്തര ബിരുദ പരീക്ഷയാണ് വിവാദത്തിലായത്. 700 കുട്ടികള്‍ എഴുതുന്ന പരീക്ഷയില്‍ 100 വിദ്യാര്‍ഥികളാണ്, വൈദ്യുതിനിലച്ച സാഹചര്യത്തില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. വൈദ്യുതി നിലച്ചപ്പോള്‍ കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാള്‍ പൂര്‍ണമായും ഇരുട്ടിലാവുകയായിരുന്നു. ഈ ഹാളിലിരുന്ന വിദ്യാര്‍ഥികളെയാണ് മൊബൈലിന്റെ ഫ്‌ലാഷ് വെളിച്ചത്തില്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചത്.

ഇങ്ങനെ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദമായത്. മഴയെത്തുടര്‍ന്ന് കോളജിലെ ഹൈടെന്‍ഷന്‍ വൈദ്യുതി സംവിധാനം ഷട്ട്ഡൗണ്‍ ആയതാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുവാനാണ് മൊബൈല്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയെന്നതാണ് പ്രാഥമിക റിപോര്‍ട്ട്. ഇതിന് തന്നോട് അനുമതി തേടിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Similar News