കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ ഡി യുടെ സത്യവാങ്മൂലം, ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന്
സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്റെ കമ്മീഷന്‍ പണമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിതെന്നും ഇ ഡി അറിയിച്ചു.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത് റിമാന്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യാവാങ്മുലം സമര്‍പ്പിച്ചു. സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്റെ കമ്മീഷന്‍ പണമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിതെന്നും ഇ ഡി അറിയിച്ചു.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നും ഇ ഡി സത്യാവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതിയുടെ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്‌ന സുരേഷിന് ചോര്‍ത്തി നല്‍കിയിരുന്നുവെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്ലാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് ശിവശങ്കറിന്റെ വാദം.തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചു.ഹരജി ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.