കേരളത്തിൽ റിപോർട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ല; പരിശോധന ഫലം

കേരളത്തിൽ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപോർട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവർക്കാണ് രോ​ഗബാധയേറ്റത്.

Update: 2022-07-30 02:21 GMT

ന്യൂഡൽഹി: കേരളത്തിൽ റിപോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാംപിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വൻസ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.

കേരളത്തിൽ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപോർട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവർക്കാണ് രോ​ഗബാധയേറ്റത്. ഇതിനിടെ ഇന്നലെ മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചർമ രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയിരുന്നു. പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. യുവാവിനു കൂടുതൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഡോക്ടർമാർ പറഞ്ഞു.

യുവാവിന്റെ സ്രവ, രക്ത സാംപിളുകൾ മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ മലപ്പുറത്തെ ആശുപത്രിയിലേക്കു മാറ്റുമെന്നു ഡോക്ടർമാർ വ്യക്തമാക്കി.

Similar News