ശബരിമലയില്‍ ഇളവുകള്‍; പരമ്പരാഗത പാത നാളെ തുറക്കും; പമ്പാ സ്നാനത്തിനും അനുമതി

ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്‌നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Update: 2021-12-11 18:46 GMT

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്‌നാനം ചെയ്യുന്നതിന് അനുമതി നല്‍കി. ത്രിവേണി മുതല്‍ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റര്‍ സ്ഥലത്തുമാണ് സ്‌നാനം അനുവദിക്കുക. തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്‌നാനം അനുവദിക്കുകയുള്ളു.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏതെങ്കിലും പ്രതികൂല സാഹചര്യമുണ്ടായാല്‍ ശബരിമല എഡിഎമ്മിന് സ്‌നാനം നിര്‍ത്തിവയ്ക്കുവാനുള്ള അധികാരമുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മുതല്‍ തീര്‍ഥാടകര്‍ക്കായി തുറന്നു കൊടുക്കാനും തീരുമാനമായി. പുലര്‍ച്ചെ രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുക. തീര്‍ഥാടകര്‍ക്ക് നീലിമല വഴിയും, സ്വാമി അയ്യപ്പന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം.

പരമ്പരാഗത പാതയില്‍ മരാമത്ത്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്‌ലറ്റ് യൂണിറ്റുകളും തയാറായി.

തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് ശനിയാഴ്ച രാത്രി മുതല്‍ താമസിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. 500 മുറികള്‍ ഇതിനായി കൊവിഡ് മാനദണ്ഡപ്രകാരം സജ്ജീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു. പരമാവധി പന്ത്രണ്ട് മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാം. മുറികള്‍ ആവശ്യമുള്ളവര്‍ക്ക് സന്നിധാനത്ത് എത്തി ബുക്ക് ചെയ്യാം. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള അനുമതി നിലവില്‍ ഇല്ലെന്നും കലക്ടര്‍ പറഞ്ഞു.

Similar News