മുല്ലപ്പെരിയാര്‍ ഡാം: വിവരാവകാശ നിയമ പ്രകാരം രേഖകള്‍ നല്‍കണമെന്ന് കമ്മീഷന്‍

ഡാം ബ്രേക്ക് റിപോര്‍ട്ട് ഒഴിച്ചുള്ള രേഖകള്‍ 15 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നല്‍കണമെന്ന്വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി .ബി ബിനു സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്

Update: 2020-09-19 12:10 GMT

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം അപക്ഷകന് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍.രേഖകള്‍നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികള്‍ ആരംഭിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഡാം ബ്രേക്ക് റിപോര്‍ട്ട് ഒഴിച്ചുള്ള രേഖകള്‍ 15 ദിവസത്തിനകം സൗജന്യമായി അപേക്ഷകന് നല്‍കണമെന്ന്വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ സംസ്ഥാന ജലവിഭവ വകുപ്പിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ആര്‍.ടി.ഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡി .ബി ബിനു സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ് ഉണ്ടായത്.മുല്ലപ്പെരിയാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍, സര്‍ക്കാരിനു ലഭിച്ച നിയമോപദേശം , പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട്, ഭൂചലന പഠനറിപ്പോര്‍ട്ട് ഉള്‍പ്പെട്ട യുള്ള വിവരങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടത്.

2014 ജൂണ്‍ 22ന് ജലവിഭവ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആദ്യം അപേക്ഷ നിരാകരിച്ചത്.ഈ ഉത്തരവിന്റെ നിയമപരമായ സാധുത ചോദ്യംചെയ്തുകൊണ്ട് ഡി ബി ബിനു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.തുടര്‍ന്ന് ആര്‍ടി ഐ അപേക്ഷ തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വിവരാവകാശ നിയമത്തിലെ 8 (1) (എ) വകുപ്പ് പ്രകാരം ജലവിഭവ വകുപ്പ് അപേക്ഷ നിരാകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയും സാമ്പത്തിക താല്‍പര്യത്തെയും ഹനിക്കുന്നുവെന്ന കാരണമാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടിയത്.ഈ നടപടിയാണ് അപേക്ഷകന്‍ വിവരാവകാശ കമ്മീഷനില്‍ ചോദ്യംചെയ്തത്.ആവശ്യപ്പെട്ട രേഖകള്‍ യഥാസമയം നല്‍കുന്നതില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചതെന്നും അതിന്റെ ഭാഗമായി വിശദീകരണം സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചതായും അഡ്വ.ഡി ബി ബിനു പറഞ്ഞു.

Tags:    

Similar News