വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതി പിടിയിൽ
മാധവനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ താജുദ്ദീനെ വീടിന് സമീപത്തെ ഒരു ഉൾവനത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: വിതുര പേപ്പാറയിൽ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. മേമല സ്വദേശിയായ മാധവനെയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച പേപ്പാറ പട്ടൻകുളിച്ച പാറയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നതായി തൊഴിലുറപ്പ് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ വിതുര പോലിസ് നടത്തിയ അന്വേഷണത്തിൽ വീട്ടുടമസ്ഥൻ താജുദ്ദീനെ അറസ്റ്റ് ചെയ്‌തു.
ബുധനാഴ്‌ച വീട്ടിൽ വാറ്റ് ചാരായത്തിന് എത്തിയ മാധവനുമായി കാശിനെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. മാധവനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ താജുദ്ദീനെ വീടിന് സമീപത്തെ ഒരു ഉൾവനത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്നും പോലിസ് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.