കണ്ണൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആദ്യംതന്നെ ആരോപിച്ചിരുന്നു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂര്‍: കൂത്തുപറമ്പിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ മന്‍സൂറി(22) ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി ഷിനോസാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ലീഗ് ആദ്യംതന്നെ ആരോപിച്ചിരുന്നു. മന്‍സൂറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൂത്തുപ്പറമ്പില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മന്‍സൂറിനും മുഹ്‌സിനും നേരേ ആക്രമണമുണ്ടായ ഉടന്‍തന്നെ ലീഗ് പ്രവര്‍ത്തകര്‍ അയല്‍വാസിയായ ഷിനോസിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചൊക്ലി പോലിസ് സ്ഥലത്തുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു. അക്രമികളുടെ ലക്ഷ്യം മുഹ്‌സിനായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കൂടിയാണ് മുഹ്‌സിന്‍. മുഹ്‌സിനെതിരേ ആക്രമണമുണ്ടായപ്പോള്‍ തടയാനാണ് മന്‍സൂര്‍ എത്തിയത്. ആ സമയത്ത് മന്‍സൂറിന്റെ കാല്‍മുട്ടിന് വടിവാളുകൊണ്ട് ആഴത്തില്‍ വെട്ടേറ്റു. കാല്‍ പൂര്‍ണമായും അറ്റുപോവാറായ നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെയും സഹോദരനെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂര്‍ മരണപ്പെടുകയായിരുന്നു. അക്രമിസംഘത്തില്‍ 14ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.