മുസിരിസ്: 38 പൈതൃക ക്ഷേത്രങ്ങളിലെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് തുടക്കം
3.45 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കും കീഴ്ത്തളി ശിവക്ഷേത്ര പുനരുദ്ധാരണ പ്രവൃത്തികള്‍ക്കും തുടക്കമായി. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ പുരാതന കാലഘട്ടങ്ങളുടെ പൈതൃകം പേറുന്ന ആരാധനാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിപ്രദേശത്തെ മുപ്പത്തിയെട്ട് ആരാധനാലയങ്ങളുടെ അടിസ്ഥാനവികസനത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 ആരാധനാലയങ്ങള്‍ക്കാണ് അടിസ്ഥാനവികസന സൗകര്യങ്ങള്‍ ഒരുക്കുന്നത്. 3.45 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഇതില്‍ കീഴ്ത്തളി ശിവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം, പടാകുളം അയ്യപ്പ ക്ഷേത്രം, നെല്‍പിണി ക്ഷേത്രം, ശൃംഗപുരം ശിവക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, തൃക്കുലശേഖരപുരം ക്ഷേത്രം, തൃപ്പേക്കുളം ശിവ ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എസ് എന്‍ പുരം, കൊടുങ്ങല്ലൂര്‍ കൊങ്കണി കൃഷ്ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അതത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അധികൃതരും കമ്മിറ്റിയും രൂപംകൊടുക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രീകൃത സ്വഭാവത്തോടെ നടപ്പാക്കുന്നത്.
പദ്ധതിപ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സൗരോര്‍ജ വിളക്കുകള്‍, കവാടങ്ങള്‍, സൈക്കിള്‍ പാര്‍ക്കിങ് ഷെഡുകള്‍, മാലിന്യം തള്ളാന്‍ സ്ഥലം തുടങ്ങിയ അടിസ്ഥാനവികസന നിര്‍മാണപ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ആരാധനാലയങ്ങളുടെ ചരിത്രവും പൈതൃകവും ആലേഖനം ചെയ്ത ബോര്‍ഡുകള്‍, പൂന്തോട്ടങ്ങള്‍, ഒരു കിലോമീറ്റര്‍ ദൂരം വരെയുള്ള സ്ഥലങ്ങളില്‍ ദിശാബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കും.
കീഴ്ത്തളി ശിവക്ഷേത്രം പരിസരം, പുല്ലൂറ്റ് മുസിരിസ് വിസിറ്റേഴ്‌സ് സെന്റര്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയും മതിലകം ബംഗ്ലാവ് കടവ് പരിസരത്ത് നടന്ന ചടങ്ങ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.