നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം: വിദ്വേഷമുണ്ടാക്കാതിരിക്കല്‍ മതങ്ങളുടെ പൊതുതത്വം; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് സമസ്ത

Update: 2021-09-12 07:27 GMT

കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗത്തിനെതിരേ വിമര്‍ശനവുമായി സമസ്തരംഗത്ത്. മതാധ്യക്ഷന്‍മാര്‍ പാലിക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. മാന്യത നിലനിര്‍ത്തുന്നതും വിദ്വേഷമുണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വമാണ്. ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. തൃപ്പനച്ചി ഉറൂസ് സമാപനസംഗമ വേദിയിലെ പ്രസംഗത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. 'ഏതോ ഒരു ബിഷപ്പ് രണ്ടുദിവസം മുമ്പ് എന്തോ വിളിച്ചുപറഞ്ഞില്ലേ? ഏത് മതത്തിന്റെ നേതാക്കന്‍മാരായാലും അധ്യക്ഷന്‍മാരായാലും മതങ്ങള്‍ക്കൊക്കെ ഒരു പൊതുതത്വമുണ്ടാവും.

മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്‌നേഹത്തോടെയും പെരുമാറുക എന്നെല്ലാമാണത്. ഇതിനെയൊക്കെ പറ്റെ ചവറ്റുകുട്ടയിലെറിഞ്ഞ് എന്തോ ചിലതൊക്കെ പ്രസംഗിച്ചു. അതിനൊക്കെ മറുപടി പറയല്‍ നമ്മുടെ പണിയല്ലാത്തതുകൊണ്ട് അതിനൊന്നും മറുപടി പറയുന്നില്ല. മുസ്‌ലിം നാമധാരി എന്തെങ്കിലും ചെയ്താല്‍ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

'വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസ്സുകളും' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശങ്ങളെ ചോദ്യംചെയ്യുന്നത്. ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ മുസ്‌ലിം വിരോധം വളര്‍ത്താന്‍ ലക്ഷ്യംവച്ചാണ്. കര്‍ക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. ബ്രാഹ്മണര്‍ക്കെതിരേ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ സംസ്ഥാന സര്‍ക്കാര്‍ കണ്ടുപഠിക്കട്ടെയെന്നും സുപ്രഭാതം പറയുന്നു. പാലാ ബിഷപ്പ് ആവേശത്തില്‍ നടത്തിപ്പോയ പ്രസംഗമല്ല അത്.

എഴുതിയ പ്രസംഗം മൈക്കിനു മുന്നില്‍ വായിക്കുകയായിരുന്നു. അപ്പോള്‍ ആ പ്രസംഗം ആലോചിച്ച് തയ്യാറാക്കിയതാണെന്നും ക്രിസ്ത്യാനികളില്‍ മുസ്‌ലിംവിരോധം വളര്‍ത്തണമെന്ന കൃത്യമായ ലക്ഷ്യമുണ്ടായിരുന്നുവെന്നും വ്യക്തം. ആ വിദ്വേഷപ്രസംഗം നടത്തിയശേഷം ഇന്നുവരെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ അപലപിച്ചിട്ടില്ല. പല രാഷ്ട്രീയ നേതാക്കളും മിണ്ടിയിട്ടില്ല, അതിനര്‍ഥം അവരുടെ മനസ്സിലും ഈ അഭിപ്രായം തന്നെയാണ് ഉള്ളതെന്നാണല്ലോ- ലേഖനം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദപരാമര്‍ശം.

Tags:    

Similar News