ദേശീയ വിദ്യാഭ്യാസ നയത്തില്‍ പുനര്‍നിര്‍ണയം അനിവാര്യം : മെക്ക
പാര്‍ലമെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടേയും വിദഗ്ദരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് നയം പുനര്‍നിര്‍ണയം ചെയ്യേണ്ടത് അനിവാര്യമാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സെക്രട്ടറിയേറ്റ് യോഗം പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട മുഴുവന്‍ ഭരണാധികാരികളോടും ആവശ്യപ്പെട്ടു
കൊച്ചി: ഫെഡറലിസം, മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും സമന്വയത്തോടും അവധാനതയോടുംകൂടി മാത്രമേ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാവൂ എന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സെക്രട്ടറിയേറ്റ് യോഗം പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട മുഴുവന്‍ ഭരണാധികാരികളോടും ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടേയും വിദഗ്ദരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് നയം പുനര്‍നിര്‍ണയം ചെയ്യേണ്ടത് അനിവാര്യമാണെന്നും മെക്ക യോഗം വിലയിരുത്തി.
വൈവിധ്യങ്ങളും വൈജാത്യങ്ങളുമുള്‍ക്കൊള്ളുന്ന ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളടങ്ങിയ നയം പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും മെക്ക അഭ്യര്‍ഥിച്ചു.മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള ഡിഗ്രി പ്രവേശനത്തിനുള്ള പ്രൊസ്‌പെക്ടസില്‍ എസ്ഇബിസി. സംവരണത്തിനര്‍ഹതയുള്ളവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെട്ടിരിക്കുന്നത് വിചിത്രമാണ്. ഒബിസിയെ അഥവാ പിന്നോക്ക വിഭാഗങ്ങളെ മാത്രമേ എസ്ഇബിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എന്നിട്ടും മൂന്നുതരം സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് പ്രൊസ്‌പെക്ടസിന്റെ 16, 32 പേജുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതും അപേക്ഷിക്കുമ്പോഴും പ്രവേശന സമയത്തും മൂന്നുതരം സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്നത് പിന്നോക്ക വിഭാഗ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്ന നടപടിയായതിനാല്‍ എംജി. യൂനിവേഴ്‌സിറ്റി അധികൃതര്‍ പ്രൊസ്‌പെക്ടസില്‍ ആവശ്യമായ ഭേദഗതി വരുത്തി പുറപ്പെടുവിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
എംജി യൂനിവേഴ്‌സിറ്റിയുടെ രജിസ്‌ട്രേഷന്‍ ഫീസും കേരളത്തിലെ ഇതര യൂനിവേഴ്‌സിറ്റികളില്‍നിന്ന് അധികരിച്ച നിരക്കിലാണ് നിശ്ചയിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന്‍ ഫീസും ഏകീകരിച്ച് കുറയ്ക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ലോ കോളജുകളിലെ സീറ്റ് കുറയ്ക്കുന്നത് ഒഴിവാക്കണം. ദേശീയ വിദ്യാഭ്യാസ നയം വിശദമായി പഠിച്ച് ആവശ്യമായ ഭേദഗതി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിദഗ്ദരുടെ ഉപദേശവും തേടി സ്വരൂപിക്കുന്നതിന് അഞ്ചംഗ സമിതിയെയും നിശ്ചയിച്ചു.ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ട്രഷറര്‍ സി ബി കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായ സി എച്ച് ഹംസമാസ്റ്റര്‍, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍, എം എ ലത്തീഫ്, ടി എസ് അസീസ്, എ മഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന, എ ഐ മുബീന്‍, എ എസ് എ റസാഖ്, കെ എം അബ്ദുല്‍ കരീം, എം അഖ്‌നിസ്, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.