നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ഒമ്പതു പോലിസുകാര്‍ പ്രതികള്‍

എസ് ഐ ആയിരുന്ന കെ എ സാബുവാണ് കേസിലെ ഒന്നാം പ്രതി,കൂടാതെ എട്ടു പോലിസുകാരും കേസില്‍ പ്രതിയാണ്.എറണാകുളം സിജെഎം കോടതിയിലാണ് സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

Update: 2021-02-04 10:35 GMT

കൊച്ചി: ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാര്‍ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചു.എസ് ഐ ആയിരുന്ന കെ എ സാബുവാണ് കേസിലെ ഒന്നാം പ്രതി,കൂടാതെ എട്ടു പോലിസുകാരും കേസില്‍ പ്രതിയാണ്.എറണാകുളം സിജെഎം കോടതിയിലാണ് സിബി ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കൊലപാതകം,ശാരീരിക ഉപദ്രവം,അന്യായമായി തടഞ്ഞുവെയ്ക്കല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് ഇടുക്കി മുന്‍ ജില്ലാ പോലിസ് മേധാവി വേണുഗോപാല്‍, ജെയില്‍ ഉദ്യോഗസ്ഥര്‍,ഡോക്ടര്‍മാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

2019 ജൂണ്‍ 12 മുതല്‍ 15 വരെ രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.ജൂണ്‍ 15 നാണ് അറസ്റ്റു രേഖപ്പെടുത്തിയത്.തുടര്‍ന്ന് പീരുമേട് ജയിലിലേക്ക് റിമാന്റു ചെയ്ത് രാജ്കുമാര്‍ ജൂണ്‍ 21 ന് പീമരിച്ചു. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നാല്‍ കേസ് സിബി ഐ ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രാജ്കുമാറിന്റെ ഭാര്യയും മാതാവും നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി കേസ് സിബി ഐക്ക് കൈമാറി ഉത്തരവിടുകയായിരുന്നു.

രാജ്കുമാറിന്റെ കസ്റ്റഡിമരണം സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ മാസം സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു.രാജ്കുമാറിന്റെ അറസ്റ്റിലേക്കും മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍,ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നടപടികള്‍ എന്നിവയാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉളളത്.

Tags:    

Similar News