നിപ പ്രതിരോധം: കോഴിക്കോട്ടെ സ്വകാര്യാശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി ആരോഗ്യമന്ത്രി

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വര ലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കും

Update: 2021-09-05 13:22 GMT

കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ സ്വകാര്യാശുപത്രി അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ എന്നിവയുള്ളവരെ പ്രത്യേകം നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. അസ്വാഭാവികമരണങ്ങളും ശ്രദ്ധിക്കണം. ഈ വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണം. നിപയുടെ രോഗസുഷുപ്താവസ്ഥ ഏഴുദിവസമാണെന്നാണ് കണക്കാക്കുന്നത്. ഈ ദിവസങ്ങള്‍ പ്രാധാന്യമുള്ളവയാണ്.

നിപയുമായി ബന്ധപ്പെട്ട യാതൊരു ലക്ഷണങ്ങളും തള്ളിക്കളയരുത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒമ്പത് ഐസിയു ബെഡ്ഡുകള്‍ നിപ പരിചരണത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. ഒരു വാര്‍ഡ് ഉടന്‍ പ്രവര്‍ത്തനക്ഷമമാവും. ആവശ്യത്തിന് മരുന്നും അനുബന്ധ വസ്തുക്കളും ജില്ലയില്‍ സ്‌റ്റോക്കുണ്ടെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്നും ജില്ലയിലെ ഫാര്‍മസികളിലേക്കാവശ്യമായ മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോസേഫ്റ്റി ലെവല്‍ ലാബ് ഉടന്‍ പ്രവര്‍ത്തനക്ഷമമാവും.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധസംഘം ഉടന്‍ മെഡിക്കല്‍ കോളജിലെത്തും. മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ക്ഷാമം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പിപിഇ കിറ്റ് ധരിക്കുന്നതില്‍ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാന്‍ ആശുപത്രി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ മുഴുവന്‍ സ്വകാര്യാശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, നിപ സ്‌പെഷല്‍ ഓഫിസര്‍ മുഹമ്മദ് വൈ സഫീറുല്ല, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ നവീന്‍ പങ്കെടുത്തു.

Tags:    

Similar News