ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച കോഴിക്കോട്ട് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അവലോകനം ചെയ്തു. പൂനെയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയാണ് അവലോകനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ മാര്‍ഗനിര്‍ദേശത്തിലും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അവലോകനശേഷം ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.
നേരത്തേ, കേന്ദ്രത്തില്‍ നിന്നും ഐസിഎംആര്‍എന്‍ഐവിയില്‍ നിന്നുമുള്ള ഉന്നതതല സംഘങ്ങള്‍ ബിഎസ്എല്‍ മൂന്ന് ലബോറട്ടറികളുള്ള മൊബൈല്‍ യൂനിറ്റുകളുമായി ഇതിനകം കോഴിക്കോട്ട് എത്തിയിട്ടുണ്ടെന്നും അവര്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മേഖലയിലെ രോഗബാധിത ഗ്രാമപഞ്ചായത്തുകളെ കാ്വറന്റീന്‍ സോണുകളായി പ്രഖ്യാപിച്ചതായും മന്ത്രി അറിയിച്ചു. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പൊതുജനാരോഗ്യ നടപടികളില്‍ സംസ്ഥാനത്തെ പിന്തുണയ്ക്കാന്‍ ഡോ. മാലാ ഛബ്രയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആര്‍എന്‍ഐവിയും സ്ഥിതിവിശേഷങ്ങള്‍ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തെ നേരിടാന്‍ സാധ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.