നിപ വ്യാപനം തീവ്രമാവാനിടയില്ലെന്ന് കേന്ദ്രസംഘം; ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപയുടെ വ്യാപനം തീവ്രമാവാനിടയില്ലെന്ന് കേന്ദ്രസംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധര്‍ കേരളത്തിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. നിപ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയവും വിലയിരുത്തി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുമ്പാണ്.
രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞദിവസം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങി. പഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിലെത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാംപിള്‍ ശേഖരിക്കുകയും ചെയ്യും.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്റെ സ്രവ സാംപിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജില്‍ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും.