നിഥിനയ്ക്ക് നാടിന്റെ യാത്രാമൊഴി; പ്രതിയെ കോളജിലെത്തിച്ച് തെളിവെടുത്തു

Update: 2021-10-02 11:51 GMT

കോട്ടയം: പാലാ സെന്റ് തോമസ് കോളജ് കാംപസില്‍ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ സൗകര്യമില്ലാത്തതിനാലാണ് സംസ്‌കാരം തുറവേലിക്കുന്നിലെ ബന്ധുവീട്ടില്‍ നടത്തിയത്. കൊവിഡിനിടയിലും വന്‍ ജനാവലിയാണ് നിഥിനയെ ഒരുനോക്ക് കാണാനായി വീട്ടിലേക്ക് ഒഴുകിയെത്തിയത്. നിഥിനയുടെ അപ്രതീക്ഷിതമായ വേര്‍പാട് വിശ്വസിക്കാന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കഴിയുമായിരുന്നില്ല. പലരും ദാരുണമായ സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തി നേടിയിട്ടില്ല.

കണ്ണീരോടെയാണ് ഉറ്റവര്‍ നിഥിനയ്ക്ക് യാത്രാമൊഴി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രി വി എന്‍ വാസവനും സി കെ ആശ എംഎല്‍എയും നിഥിനയുടെ വീട് സന്ദര്‍ശിച്ചു. അതിനിടെ, കേസിലെ പ്രതി അഭിഷേക് ബൈജുവിനെ കോളജ് കാംപസിലെത്തിച്ച് പോലിസ് തെളിവെടുത്തു. ഉച്ചയ്ക്കുശേഷമാണ് പ്രതിയുമായി പോലിസ് കാംപസിലെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തും നടത്തിയ രീതിയും പ്രതി പോലിസിന് മുമ്പാകെ വിശദീകരിച്ചു. ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ പെരുമാറിയ പ്രതി പോലിസുമായി സഹകരിച്ചു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കോളജില്‍ തെളിവെടുപ്പിനെത്തിച്ചത്. വന്‍ പോലിസ് സംഘവും ഒപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.25 ഓടെയാണ് തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ നിതിനമോള്‍ (22) കാംപസില്‍ ദാരുണമായി കൊല്ലപ്പെടുന്നത്. പരീക്ഷ കഴിഞ്ഞെത്തിയ നിഥിനയെ അഭിഷേക് ബൈജു ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥികളാണ്. പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. നിഥിന മരിച്ചത് രക്തം വാര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലെ രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാരുടെ തലവന്‍ പ്രതികരിച്ചത്.

Tags:    

Similar News