നിയമസഭയിലെ കയ്യാങ്കളി കേസ്: സർക്കാർ അഭിഭാഷകയെ മാറ്റി
ഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെ പിന്തുണച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകയെ മാറ്റിയത്.
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് നിയമസഭയിൽ നടന്ന കയ്യാങ്കളി കേസ് വാദിച്ചിരുന്ന സർക്കാർ അഭിഭാഷകയെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെയാണ് മാറ്റി അസി. പ്രോസിക്യൂട്ടർ ജയിൽ കുമാറിന് പകരം ചുമതല നൽകി. കേസിലെ പ്രതിയായ മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. തുടർന്ന് ഇടത് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെ പിന്തുണച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ അഭിഭാഷകയെ മാറ്റിയത്.
2015 മാർച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎൽഎമാർ സഭയിൽ കയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു. പൊതുമുതൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതിനാൽ കേസ് പിൻവലിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. വ്യവസായ മന്ത്രി ഇ പി ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ, കെ അജിത്, കെ കുഞ്ഞമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, വി ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ.
ഹരജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം ടി തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവരായിരുന്നു ഹരജി നൽകിയിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹരജി നൽകിയിരുന്നു.