പെരിയയിലെ എച്ച്1 എന്‍1 പനി നിയന്ത്രണവിധേയം; ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി

കാഞ്ഞങ്ങാട് താലൂക്ക് ഓഫിസിലാണ് യോഗം ചേര്‍ന്നത്. എച്ച്1 എന്‍1 രോഗബാധയെക്കുറിച്ചും കുട്ടികള്‍ക്ക് നല്‍കുന്ന ചികില്‍സയും മുന്‍കരുതകളെക്കുറിച്ചും ഡോക്ടര്‍മാര്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചുകൊടുത്തു. ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രോഗബാധ നിയന്ത്രണവിധേയമാണെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും യോഗത്തിനുശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

Update: 2019-02-25 10:50 GMT

കാസര്‍കോഡ്: ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് എച്ച്1 എന്‍1 ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ രക്ഷിതാക്കളുടെ യോഗം ചേര്‍ന്നു. കാഞ്ഞങ്ങാട് താലൂക്ക് ഓഫിസിലാണ് യോഗം ചേര്‍ന്നത്. എച്ച്1 എന്‍1 രോഗബാധയെക്കുറിച്ചും കുട്ടികള്‍ക്ക് നല്‍കുന്ന ചികില്‍സയും മുന്‍കരുതകളെക്കുറിച്ചും ഡോക്ടര്‍മാര്‍ രക്ഷിതാക്കള്‍ക്ക് വിശദീകരിച്ചുകൊടുത്തു. ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. രോഗബാധ നിയന്ത്രണവിധേയമാണെന്നും യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും യോഗത്തിനുശേഷം മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.

കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ കാര്യത്തിലുണ്ടായിരുന്ന തങ്ങളുടെ ആശങ്ക മാറിയെന്ന് രക്ഷിതാക്കളും വ്യക്തമാക്കി. ഡോക്ടര്‍മാര്‍ എല്ലാവിധ ചികില്‍സകളും നടത്തുന്നുണ്ട്. സ്‌കൂളില്‍ കുട്ടികളെ താമസിപ്പിച്ച് നടത്തുന്ന ചികില്‍സ തൃപ്തികരമാണെന്നും രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്കാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചിരുന്നത്. 67 കുട്ടികള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുകയാണ്. 520 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടത്തോടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.

ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ത്തന്നെ പ്രത്യേക വാര്‍ഡ് തുറന്നാണ് ആരോഗ്യവകുപ്പ് ചികില്‍സ നടത്തുന്നത്. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ വീട്ടിലേക്ക് ചികില്‍സ തേടിപ്പോയി. അഞ്ചുകുട്ടികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് എച്ച്1 എന്‍1 സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 67 കുട്ടികളെ പ്രത്യേകം ചികില്‍സിക്കാന്‍ തീരുമാനിച്ചത്. രോഗം പൂര്‍ണമായും ഭേദമായശേഷമാവും കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കുക.

Tags:    

Similar News