പെരിയ ഇരട്ടക്കൊല: നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്നു രാഹുല്‍ ഉറപ്പുനല്‍കിയതായി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെറ്റ് ചെയ്തവരെ പിടികൂടുമെന്നും കുടുംബാംഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ തൃശൂരില്‍ നിന്നു കണ്ണൂര്‍ വിമാനത്താവളം വഴിയാണ് പെരിയയിലേക്കു വന്നത്. കൃപേഷിന്റെ വീട്ടില്‍ കാല്‍മണിക്കൂറോളം ചെലവിട്ട രാഹുല്‍, പിതാവുമായി സംസാരിച്ച ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന് ശരത്‌ലാലിന്റെ വീട്ടിലേക്കു പോയി. നേരത്തേ കണ്ണൂര്‍ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയികുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്നു രാഹുല്‍ ഉറപ്പുനല്‍കിയതായി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
പെരിയയിലെ കേന്ദ്ര സര്‍വകലാശാല കാംപസില്‍ ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല വരവേല്‍പാണ് നല്‍കിയത്. ആര്‍ത്തുവിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയില്‍ കൃപേഷിന്റെ വീടാണ് ആദ്യം സന്ദര്‍ശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുെട നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴില്‍ നിര്‍മിക്കുന്നു വീടും രാഹുല്‍ സന്ദര്‍ശിച്ചു. വൈകിട്ട് കോഴിക്കോട് നടക്കുന്ന മഹാറാലിയിലും രാഹുല്‍ സംസാരിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, സതീശന്‍ പാച്ചേനി, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം നിയുക്ത സ്ഥാനാര്‍ഥി കെ സുധാകരന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.