സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; കടകളും ചന്തകളും പ്രവർത്തിക്കും
രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണം കർശനമാക്കും.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാളെ മുതൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് സംബന്ധിച്ചാണ് തെറ്റിദ്ധാരണകൾ ഉയർന്നത്. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഇല്ലെന്നും കടകളും ചന്തകളും അടച്ചിടില്ലെന്നും ബിശ്വാസ് മേത്ത പറഞ്ഞു.
സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ല. സമ്പൂർണ ലോക്ക്ഡൗൺ അല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എവിടെയൊക്കെയാണ് രോഗവ്യാപനം എന്നും എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടതെന്നും പരിശോധിച്ച് ജില്ലാ കലക്ടർക്ക് ഉചിതമായ നടപടിയെടുക്കാമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ ആശയക്കുഴപ്പമുള്ളതായി ആക്ഷേപമുയർന്നിരുന്നു. പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്.
പൊതുഗതാഗതം പൂർണ സജ്ജമാകുകയും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരവ് പ്രായോഗികമാണോയെന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോയെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നു.