കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് കോലീബി സംഘം പിരിഞ്ഞു പോകണം; ആക്ഷേപവുമായി എഎ റഹീം

ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റ് പ്രകാരമുള്ള അതിര്‍ത്തി നിശ്ചയിക്കാനുള്ള നടപടിയാണ്. അതിര്‍ത്തി നിശ്ചയിക്കാനാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

Update: 2022-03-28 14:21 GMT

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രിംകോടതി നടപടി കോലീബീ സഖ്യത്തിന് കിട്ടിയ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. നല്ല അടി മുഖമടച്ചു കിട്ടി. എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രിംകോടതി ചോദിച്ചു. അത് തന്നെയാണ് ജനങ്ങള്‍ക്കും കോണ്‍ഗ്രസ്-ബിജെപി നേതാക്കളോട് ചോദിക്കാനുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റ് പ്രകാരമുള്ള അതിര്‍ത്തി നിശ്ചയിക്കാനുള്ള നടപടിയാണ്. അതിര്‍ത്തി നിശ്ചയിക്കാനാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ആ കല്ലുകളാണ് കോണ്‍ഗ്രസും ബിജെപിയും പിഴുതെറിയുന്നത്. നിയമപരമായി സര്‍വേ നടപടികളില്‍ ഒരു തെറ്റുമില്ലെന്ന് സുപ്രിംകോടതി തന്നെ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു പദ്ധതിയും തടയാന്‍ പോകുന്നില്ല: സുപ്രിംകോടതി

സില്‍വര്‍ ലൈന്‍ സര്‍വേയും കല്ലിടലും നിര്‍ത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി പോയ കോലീബി സഖ്യത്തിന് കനത്ത പ്രഹരമാണ് ഇന്ന് സുപ്രിംകോടതിയില്‍ നിന്നും കിട്ടിയത്. നല്ല അടി മുഖമടച്ചു കിട്ടി. എന്തിനാണ് മുന്‍ധാരണ?? സുപ്രിംകോടതി ചോദിച്ചു. അത് തന്നെയാണ് ജനങ്ങള്‍ക്കും കോണ്‍ഗ്രസ്സ് ബിജെപി നേതാക്കളോട് ചോദിക്കാനുള്ളത്.

ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റ് പ്രകാരമുള്ള അതിര്‍ത്തി നിശ്ചയിക്കാനുള്ള നടപടിയാണ്. അതിര്‍ത്തി നിശ്ചയിക്കാനാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ആ കല്ലുകളാണ് കോണ്‍ഗ്രസ്സും ബിജെപിയും പിഴുതെറിയുന്നത്.എത്ര വലിയ അസംബന്ധമാണിത്. സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമല്ലേ, എത്രപേരെയാണ് പുനരധിവസിപ്പിക്കേണ്ടി വരിക എന്നൊക്കെ മനസ്സിലാക്കാന്‍ സാധിക്കൂ.

അതിനു ശേഷം ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് പണവും, അതില്‍ പെട്ട അഭ്യസ്തവിദ്യര്‍ക്ക് ജോലിയും ഉള്‍പ്പെടെ പാക്കേജ് നല്‍കി അവരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തു മാത്രമാണ് അര്‍ദ്ധ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുക. ഇതിപ്പോള്‍ സാമൂഹികാഘാത പഠനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു നാട്ടില്‍ കലാപം ഉണ്ടാക്കാനാണ് കോണ്‍ഗ്രസ്-ബിജെപി സഖ്യം ശ്രമിക്കുന്നത്.

വളരെ വേഗം ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യത പിണറായി സര്‍ക്കാരിന് ലഭിക്കും. ആ സ്വീകാര്യതയാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതും.

സങ്കുചിതമായ രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലാണ് കെ റെയിലിനെതിരായ കോണ്‍ഗ്രസ്-ലീഗ്-ബിജെപി അവിശുദ്ധ സഖ്യം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ ഇത് തിരിച്ചറിയണം. നിയമപരമായി സര്‍വേ നടപടികളില്‍ ഒരു തെറ്റുമില്ലെന്ന് സുപ്രിംകോടതി തന്നെ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കല്ല് പറിക്കല്‍ നാടകം അവസാനിപ്പിച്ച് കോലീബി നാടക സംഘം പിരിഞ്ഞുപോകണം.

Similar News