എന്‍എസ്എസ്സിന് പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരമില്ലെന്ന് സുകുമാരന്‍ നായര്‍
കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായപ്രകടനം യുക്തിഭദ്രമല്ല. എന്‍എസ്എസ്സില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ബഹുഭൂരിപക്ഷം തങ്ങളോടൊപ്പമാണുള്ളതെന്ന കോടിയേരിയുടെ പ്രസ്താവന നിരര്‍ഥകമാണ്.
കോട്ടയം: സമയംപോലെ പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരമല്ല എന്‍എസ്എസ്സിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ്സിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്നും അവരുമാമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായപ്രകടനം യുക്തിഭദ്രമല്ല. എന്‍എസ്എസ്സില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലും പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന് അതീതമായവരുമുണ്ട്. അവരില്‍ ബഹുഭൂരിപക്ഷം തങ്ങളോടൊപ്പമാണുള്ളതെന്ന കോടിയേരിയുടെ പ്രസ്താവന നിരര്‍ഥകമാണ്.
'എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായന്‍മാരാരും കേള്‍ക്കുകയില്ല, എല്ലാവരും ഞങ്ങളോടൊപ്പമാണ്' എന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്നെന്താണെന്നത് കോടിയേരി ഓര്‍ക്കുന്നത് നന്ന്. എന്‍എസ്എസ് നേതൃത്വത്തിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ടെന്ന കാര്യം പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സ്വാര്‍ഥപരമല്ല, വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ മാത്രമാണ്. അക്കാര്യത്തില്‍ ശത്രുപക്ഷത്താണ് എന്‍എസ്എസ്സിനെ കാണുന്നതെങ്കില്‍ അതിനെ വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടുകതന്നെ ചെയ്യും. എന്തായാലും എന്‍എസ്എസ്സിനെ ചെറുതാക്കി കാണിക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.