കോട്ടയം: ജില്ലയില്‍ മൂന്ന് പേര്‍ക്കുകൂടി ഓമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കലക്ടര്‍ ഡോ പി കെ ജയശ്രീ അറിയിച്ചു. ഇതോടെ ജില്ലയില്‍ ഓമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ഡിസംബര്‍ 22 നു യുകെയില്‍നിന്നെത്തിയ യുവതിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പെട്ടതിനെ തുടര്‍ന്ന് ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നവരാണ്. ഇവര്‍ക്ക് ഡിസംബര്‍ 27 നു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിശദമായ ജനിതക പരിശോധനക്ക് സാംപിള്‍ തിരുവനന്തപുരത്തേക്ക് അയച്ചത്.
കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ രണ്ടുപേരെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മറ്റൊരാള്‍ ഇസ്രായേലില്‍നിന്ന് ഡിസംബര്‍ 21 നു എത്തി വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. കൊവിഡ് ലക്ഷങ്ങളുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഡിസംബര്‍ 24നു പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ജനിതക പരിശോധനയിലാണ് ഓമിക്രോണ്‍ സ്ഥിരീകരിച്ചത്.