പോലിസിലെ അഴിമതി: മുഖ്യമന്ത്രിയെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം
സിഎജി റിപ്പോർട്ടിനെതിരെ ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: എസ്ഐ, എഎസ്ഐമാർക്ക് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ട് വകമാറ്റി നിർമിച്ച വില്ലകൾ പ്രതിപക്ഷ നേതാക്കൾ സന്ദർശിച്ചു. ക്വാർട്ടേഴ്സ് നിർമിക്കാനുള്ള ഫണ്ട് ഡിജിപി വകമാറ്റി വില്ലകൾ നിർമിക്കുന്നുവെന്നത് സിഎജി റിപ്പോർട്ടിലെ സുപ്രധാന കണ്ടെത്തലായിരുന്നു. ഇതേത്തുടർന്നാണ് ഇന്നു രാവിലെ പ്രതിപക്ഷ സംഘം വില്ലകൾ സന്ദർശിച്ചത്. പ്രതിപക്ഷഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ടി തോമസ്, സി പി ജോണ് തുടങ്ങിയവരും വില്ലകൾ സന്ദർശിച്ചു.
പോലിസിൽ അഴിമതിയുണ്ടെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സന്ദർശനത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രി അറിയാതെ ഡിജിപി ഒന്നും ചെയ്യുകയില്ല. മുഖ്യമന്ത്രി അഴിമതിക്ക് കുടപിടിക്കുകയാണ്. എസ്ഐമാർക്കും എഎസ്ഐമാർക്കും ആവശ്യത്തിന് ക്വാർട്ടേഴ്സില്ല. ഫണ്ട് വകമാറ്റിയ ഡിജിപിയുടെ നടപടി അംഗീകരിക്കാനാവില്ല. സിഎജി റിപ്പോർട്ടിനു വിലയില്ലേയെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സേനാംഗങ്ങൾക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള പണം ഡിജിപി വകമാറ്റിയെന്ന് പി ടി തോമസ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതാണ്. പിന്നെ സിഎജി റിപ്പോർട്ട് ചോർത്തിയെന്ന് പറയുന്നത് എന്ത് അർഥത്തിലാണെന്നും ചെന്നിത്തല ചോദിച്ചു. അഴിമതി കണ്ടെത്തിയ ആൾക്കാണ് കുഴപ്പം. കുറ്റം ചെയ്തവർക്ക് കുഴപ്പമില്ല. അങ്ങനെയെങ്കിൽ പി ടി തോമസിനെ അറസ്റ്റു ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോർട്ടിനെതിരെ ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെയാണ് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി കൂടി അറിഞ്ഞാണ് ഈ അഴിമതിയെന്നും അദ്ദേഹം ആരോപിച്ചു.