അന്തരിച്ച ഒളിംപ്യന്‍ ചന്ദ്രശേഖരനോട് അനാദരവ്;പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

ചന്ദ്രശേഖരന് ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം ടിജെ വിനോദ് എംഎല്‍എ ജില്ലാഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ അത് തിരിഞ്ഞുനോക്കിയില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2021-08-27 13:36 GMT

കൊച്ചി: അന്തരിച്ച ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന് അര്‍ഹിക്കുന്ന തരത്തിലുള്ള വിടവാങ്ങല്‍ ആദരവ് നല്‍കാത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചന്ദ്രശേഖരന്റെ കലൂര്‍ എസ്ആര്‍എം റോഡിലുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രശേഖരന് ഔദ്യോഗിക ബഹുമതികള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യം ടിജെ വിനോദ് എംഎല്‍എ ജില്ലാഭരണകൂടത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തിയിട്ടും സര്‍ക്കാര്‍ അത് തിരിഞ്ഞുനോക്കിയില്ലെന്നത് സങ്കടകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഫുട്‌ബോളില്‍ ഇന്ത്യയെ ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ച അപൂര്‍വം മലയാളി താരങ്ങളിലൊരാളാണ് ഒ ചന്ദ്രശേഖരന്‍. സന്തോഷ് ട്രോഫിയില്‍ ആദ്യമായി മുത്തമിട്ട മലയാളി താരം കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ പലകാരണങ്ങളാല്‍ പ്രാധാന്യമുള്ള, കായിക പ്രേമികള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ചന്ദ്രശേഖരന്റേത്. എന്നിട്ടും അദ്ദേഹത്തിന് അര്‍ഹിക്കുന്ന രീതിയിലുള്ള ആദരവ് കിട്ടാത്തതില്‍ കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും. അര്‍ഹിക്കുന്നൊരാള്‍ക്കും ഇനി ഇത്തരത്തിലുള്ള അവഗണന ഉണ്ടാവരുത്. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിന് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഇന്ന് ഉച്ചയോടെ ചന്ദ്രശേഖരന്റെ വസതിയിലെത്തിയ പ്രതിപക്ഷ നേതാവ് ഏറെനേരം കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. ഒ ചന്ദ്രശേഖരന്റെ ഭാര്യ വിമല, മക്കളായ സുനില്‍, സുധീര്‍, സുമ, മരുമക്കളായ മീന, പ്രമീള, കൊച്ചുമകള്‍ മാളവിക തുടങ്ങിയവര്‍ വസതിയിലുണ്ടായിരുന്നു. ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് എംഎല്‍എ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡിസിസി ജനറല്‍ സെക്രട്ടറി ഇക്ബാല്‍ വലിയ വീട്ടില്‍, ജോഷി പളളന്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

Tags:    

Similar News