സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസ്സമില്ല; വൈറ്റ് ഗാര്‍ഡിന്റെ പരാതി പരിശോധിക്കും: മുഹമ്മദ് റിയാസ്

Update: 2024-08-04 12:09 GMT

കല്‍പ്പറ്റ: ദുരന്ത ബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭക്ഷണം പരിശോധിച്ച് കൊടുക്കണം എന്നതില്‍ തര്‍ക്കമില്ല. വിതരണം ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ല. സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസ്സമില്ല. അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോള്‍ പോലിസ് തടഞ്ഞെന്ന ആരോപണം വൈറ്റ് ഗാര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.

'യൂത്ത് ലീഗിന്റേതാണ് വൈറ്റ് ഗാര്‍ഡ്. വിഷയം വന്നപ്പോള്‍ മുനവ്വറലി തങ്ങളെ നേരിട്ട് വിളിച്ചു. പോലിസ് മോശമായി പെരുമാറിയെന്നാണ് ആരോപണം. പരാതി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്', എന്നും റിയാസ് പ്രതികരിച്ചു.

'ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരന്‍ കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഞങ്ങള്‍ അങ്ങോട്ടേക്ക് പാഴ്സലുമായി തിരിച്ചത്. എന്നാല്‍ പൊലീസ് അങ്ങോട്ടേക്ക് കടത്തിവിടാതിരിക്കുകയും തങ്ങളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിട്ടു. എന്നാല്‍ തിരികെ വരുമ്പോള്‍ പൊലീസ് വീണ്ടും തടഞ്ഞു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് നിങ്ങളുടെ സേവനം ഇനി വേണ്ട എന്ന് പറഞ്ഞു' എന്നായിരുന്നു വൈറ്റ് ഗാര്‍ഡ് ആരോപിച്ചത്.

റവന്യുവിന്റെ ഭക്ഷണം ഇവിടെയുണ്ട്. ഇവിടെ ഫയര്‍ഫോഴ്സ് സംഘവും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്ന അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത വാക്കുകളുപയോഗിച്ചാണ് സംസാരിച്ചത്. മാത്രമല്ല, ഇവിടെയിപ്പോള്‍ ജെസിബിയാണ് പണിയെടുക്കുന്നതെന്നും സന്നദ്ധ സേവകരെന്ന് പറഞ്ഞുവരുന്നവര്‍ വടിയും കുത്തിപ്പിടിച്ചു വെറുതേ നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് അത് വളരെ പ്രായസമുണ്ടാക്കി.

ഇനി ഭക്ഷണം വിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കും എന്ന് പറഞ്ഞു. ഒരു അതോറിറ്റിയാണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ ഭക്ഷണ വിതരണം അവസാനിപ്പിക്കുകയാണ്. അക്കാര്യം ഇവിടുത്തെ നാട്ടുകാരെയും അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സാധനങ്ങള്‍ വാങ്ങി വെച്ചു. അതെല്ലാം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല', വൈറ്റ് ഗാര്‍ഡ് അംഗം പ്രതികരിച്ചിരുന്നു.






Tags:    

Similar News